സ്വന്തം ലേഖകന്‍
കോഴിക്കോട്: കുറുപ്പ്, കാവല്‍, എന്നീ സിനിമകള്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകളില്‍ എത്തിയിട്ടും നഷ്ടകണക്കുകള്‍ തീരുന്നില്ല.
തിയറ്ററുകളില്‍ ആളുകയറിയെന്ന് പറയുമ്പോഴും കുറുപ്പ് എന്ന സിനിമയ്ക്ക് തിയറ്റര്‍ ഉടമകളില്‍ ഒരു വിഭാഗം പണികൊടുത്തു.
ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍ അമ്പത് ശതമാനം എന്ന് കളക്ഷനില്‍ കാണിക്കുകയും കൂടുതല്‍ ആളുകളെ തിയറ്ററിലേക്ക് കയറ്റുകയും ചെയ്ത് ലക്ഷങ്ങള്‍ ലാഭമുണ്ടാക്കി.
നിര്‍മാതാക്കളുടെ പരാതിയെതുടര്‍ന്ന് സിസിടിവി ഫൂട്ടേജ് അടക്കം പരിശോധിക്കാന്‍ തീരുമാനിച്ചെങ്കിലും അതിനോടും ഇവര്‍ സഹകരിക്കുന്നില്ല. ഇതോടെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രതിസന്ധിയിലുമായി.
പ്രതിസന്ധികാലഘട്ടത്തിനുശേഷം ആദ്യമായി എത്തിയ ക്രൗഡ് പുള്ളര്‍ സിനിമ എന്ന പേരില്‍ മുമ്പില്ലാത്ത വിധം വലിയ പ്രമോഷനാണ് തിയറ്റര്‍ ഉടമകള്‍ നല്‍കിയത്.
ഫാന്‍സുകാരും ഒപ്പം കൂടിയതോടെ തരക്കേടിലാത്ത വിധം ആളുകള്‍ തിയറ്ററിലേക്ക് കയറി. ഈ സാഹചര്യം പരമാവധി മുതലെടുത്ത് തിയറ്റര്‍ കപ്പാസിറ്റിയുടെ പകുതി പേര് എന്ന കോവിഡ് മാനദണ്ഡം തിയറ്റര്‍ ഉടമകള്‍ കാറ്റില്‍ പറത്തുകയും ചെയ്തു.
അവധിദിനങ്ങളില്‍ ഉള്‍പ്പെടെ ശരിക്കും “ഹൗസ് ഫുള്ളാ “യാണ് പലരും സിനിമ കണ്ടത്. പരാതി ലഭിച്ചതോടെ ഓരോ ഷോയുടെയും സിസിടിവി ഫൂട്ടേജ് പരിശോധിക്കാമെന്ന് സംഘടനഅറിയിച്ചെങ്കിലും പല തിയറ്ററുകളും ഇതിനോട് മുഖം തിരിച്ചു.
ഇതോടെ സംഘടനയുടെ തലപ്പത്തുള്ളവരും പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം എത്തിയ കാവല്‍ എന്ന സിനിമ ആദ്യ വലിയ ഓളമാണ് ഉണ്ടാക്കിയത്.
ഇനി കുടുംബ പ്രേക്ഷകരിലാണ് ചിത്രത്തിനെ്റ പ്രതീക്ഷയെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്. ഏറെ പ്രതീക്ഷയോടെ കാണുന്ന മരക്കാര്‍ എന്ന സിനിമ ഡിസംബര്‍ രണ്ടിനാണ് തിയറ്ററുകളില്‍ എത്തുന്നത്.
മരക്കാറിന് ഫാന്‍സുകാരുടെ “കാവല്‍’
കോഴിക്കോട്: റിലീസുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ പാരക്കാന്‍ ശ്രമിച്ച ഒരു വിഭാഗം തിയറ്ററുകാര്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ ഹിറ്റ് ലിസ്റ്റില്‍.
ആന്റണി പെരുമ്പാവൂര്‍ തന്നെ ചിത്രത്തിന്റെ നിര്‍മാതാവായതുകൊണ്ട് മരക്കാര്‍ എന്ന സിനിമയ്ക്ക് തിയറ്ററുകാര്‍ കളക്ഷന്‍ കളി നടത്താന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
ഇതോടെയാണ്പ്രധാന തിയറ്ററുകളില്‍ കയറുന്ന ആളുകളുടെ എണ്ണം നിരീക്ഷിക്കാന്‍ രഹസ്യ ഫാന്‍സുകാരെ നിയോഗിച്ചിരിക്കുന്നത്.
അമ്പത് ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ കയറിയാല്‍ അപ്പോള്‍ തന്നെ വിവരം അറിയിക്കാനും പരാതി സംഘടനാ നേതാക്കളുടെ മുന്പില് എത്തിക്കാനുമാണ് തീരുമാനം.
നൂറുകോടി മുതല്‍ മുടക്കുള്ള ചിത്രത്തിന്റെ കളക്ഷന്‍ തിയറ്റര്‍ ഉടമകളുടെ കീശയിലേക്ക് പേകാതിരിക്കാനുള്ള തന്ത്രങ്ങളാണ് നിര്‍മാതാവ് പയറ്റുന്നതും.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കുമായി ഉടക്കിയിരിക്കുന്ന ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്. വ്യാപക റിലീസായതിനാല്‍ തന്നെ ആദ്യ പ്രദര്‍ശനം മുതല്‍ വ്യാജ പ്രിന്റുകള്‍ ഇറങ്ങാനുള്ള സാധ്യതയും വലുതാണ്.