സ്വന്തംലേഖകന്‍
കോഴിക്കോട് : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതിക്കിടയിലും കോവിഡ് പരിശോധനാഫലത്തിന്റെ പേരില്‍ വ്യാജന്മാര് വിലസുന്നു. ലാബോറട്ടറികളുടെ പേരില്‍ വ്യാജ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കിയാണ് തട്ടിപ്പ് നടക്കുന്നത്.
യാത്രകള്‍ക്കും മറ്റു വിവിധ ആവശ്യങ്ങള്‍ക്കുമായി ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായതോടെയാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായത്. ആശുപത്രി ജീവനക്കാര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ വ്യാജന്മാരെ ആശ്രയിക്കുന്നതായാണ് പോലീസ് നല്കുന്ന വിവരം.
12 രാജ്യങ്ങളില്‍ ഒകിക്രോണ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവായതിന്റെ രേഖകള്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായതോടെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ പരിശോധനാഫലത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതില്‍ പഴുതടച്ച നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനിച്ചത്.
റിപ്പോര്‍ട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞാല്‍ ക്രിമിനല്‍ പ്രോസിക്യൂഷന് നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.സംസ്ഥാനത്ത് ലാബുകളുടെ പേരില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ദുരപയോഗം ചെയ്യുന്നതിനെതിരേ ലാബുടമകള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട് പുതിയറയിലെ തമാംലബോറട്ടറി അധികൃതര്‍ കസബ പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ലാബിന്റെ പേരില്‍ വ്യാജമായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്.
തിരുവനന്തപുരത്തുള്ള ലാബിന്റെ പേരില്‍ നേരത്തെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കിയിരുന്നു. കര്‍ണാടക പോലീസ് പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
എല്ലാം നെഗറ്റീവ് …
കര്‍ണാടകയിലേക്കും മറ്റും കടക്കുന്നതിന് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കേരളത്തില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളാണ് കര്‍ണാടകയില്‍ പഠിക്കുന്നത്. ഇത് കൂടാതെ ഐടിമേഖലയിലുള്പ്പെടെ നിരവധി പേര് ജോലിക്കായി കര്‍ണാടകയിലുണ്ട്.
ആഴ്ചകളില്‍ നാട്ടിലേക്ക് എത്തുന്നവര്‍ തിരിച്ചുപോകുമ്പോള്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 500 രൂപയാണ് പരിശോധനക്കായി സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്.യാത്രാ ചെലവിന് പുറമേ പരിശോധനക്കായി 500 രൂപ ചെലവഴിക്കേണ്ടി വരുന്നതിനാലാണ് പലരും വ്യാജന്മാരെ ആശ്രയിക്കുന്നത്.
പരിശോധനാഫലം നെഗറ്റീവായ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റില്‍ പേരും സാമ്പിള്‍ കളക്ഷന്‍ സമയവും മാത്രം തിരുത്തിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കുന്നത്.
മൊബൈലില്‍ തന്നെ പ്രത്യേക ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പിഡിഎഫില്‍ മാറ്റം വരുത്താം. എസ്ആര്‍എഫ് ഐഡിയും ക്യുആര്‍ കോഡും മാറ്റാതെയാണ് തിരുത്തലുകള്‍ നടത്തുന്നത്. ചില ആശുപത്രിയിലെ ജീവനക്കാര്‍ കുടുംബാംഗങ്ങള്‍ക്ക് യാത്രചെയ്യാനും മറ്റും നേരത്തൈ ഇപ്രകാരം നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി നല്‍കിയിരുന്നു.
ആളില്ലാതെ സ്വാബ് മാത്രം
ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി ചില സ്ഥലങ്ങളില്‍ ആളുകളുടെ പേരുവിവരങ്ങളില്ലാതെ സ്വാബ് മാത്രമായി എത്തുന്നുണ്ട്. പ്രാദേശികമായുള്ള ലാബുകളിലുള്ള ചിലരാണ് പേര് പോലുമില്ലാതെ സ്വാബ് പരിശോധന നടത്താനായി കൊണ്ടുവരുന്നത്.
എന്നാല്‍ ആര്‍ടിപിസിആര്‍ പരിശോധിക്കുന്ന പ്രധാനപ്പെട്ട ലാബുകളെല്ലാം കൃത്യമായ വിവരങ്ങളില്ലാതെ പരിശോധന നടത്താറില്ല. ഫലം നെഗറ്റീവായാല്‍ മാത്രം യഥാര്‍ത്ഥ പേര് നല്‍കുകയും അല്ലാത്തപക്ഷം മറ്റാരുടേയെങ്കിലും പേരില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയുമാണ് ചെയ്യുന്നത്. അതേസമയം നെഗറ്റീവായാല്‍ യഥാര്‍ത്ഥ പേരില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങും.
കണ്ടെത്താം ക്യുആര്‍ കോഡിലൂടെ
സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ അല്ലെയോ എന്നും ക്യുആര്‍ കോഡ് പരിശോധനയിലൂടെ കണ്ടെത്താനാവുമെന്ന് പോലീസും ലാബധികൃതരും വ്യക്തമാക്കി. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിലൂടെ സാമ്പിള്‍ ശേഖരിച്ചയാളുടെ പേരു വിവരങ്ങള്‍ കൃത്യമായി അറിയാനാവും. വ്യാജ പേരിലുള്ള സര്ട്ടിഫിക്കറ്റാണോയെന്നും പരിശോധന നടത്തിയതെപ്പോഴാണെന്നും
മനസിലാക്കാനാവും.
വാക്സിന് സര്‍ട്ടിഫിക്കറ്റിലും …
സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും കടകളിലും മാളുകളിലുമെല്ലാം വാക്സിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെയും വ്യാജന്മാര് സജീവമായിരുന്നു. വാക്സിന് എടുത്ത് രണ്ടാഴ്ച കഴിഞ്ഞവരെ മാത്രം കടകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും പ്രവേശിപ്പിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെയാണ് വ്യാജ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. വാക്സിന് എടുത്ത സമാനവയസുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പേരുമാറ്റി എഡിറ്റ് ചെയ്താണ് ഉപയോഗിച്ചത്.