മംഗളൂരു: ജൂണിയര്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് സ്വന്തം ഫ്ളാറ്റിലേക്കു കൂട്ടിക്കൊണ്ടുപോയി റാഗ് ചെയ്ത് പണം തട്ടിയ കേസിൽ ഒമ്പത് മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.
നഗരത്തിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന ഗുരുവായൂര്‍ സ്വദേശി പ്രവീഷ് (21), ഇടുക്കി തങ്കമണി സ്വദേശികളായ നന്ദു(19), അലന് (19), അഭി (19), തൃശൂര്‍ കണ്ടാണിശേരി ഗോപീകൃഷ്ണ (21),
ചാവക്കാട് സ്വദേശികളായ വിഷ്ണു(22), ജാസില്‍ മുഹമ്മദ് (19), ഹസന് (21), ചെറുവത്തൂര്‍ സ്വദേശി ഷിഹാസ് (20) എന്നിവരെയാണ് പാണ്ഡേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ഏഴുപേര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.
മംഗളൂരു ഇന്ദിര കോളജില്‍ ഒന്നാം വര്‍ഷ പാരാമെഡിക്കല്‍ വിദ്യാര്‍ഥികളായ കണ്ണൂര്‍ പാപ്പിനിശേരി വേളാപുരം സ്വദേശി അമല്‍ ഗിരീഷ് (21), സഹപാഠി കാര്‍ത്തിക് (20) എന്നിവര്‍ക്കുനേരേയാണ് അതിക്രമം നടന്നത്.
നഗരത്തില്‍ ഷോപ്പിംഗിനിറങ്ങിയ ജൂണിയര്‍ വിദ്യാര്‍ഥികള്‍ വഴിയില്‍വച്ച് മുതിര്‍ന്ന വിദ്യാര്‍ഥികളെ കണ്ടുമുട്ടുകയായിരുന്നു.
സീനിയര്‍ വിദ്യാര്‍ഥികള്‍ ഇവരെ നിര്‍ബന്ധിച്ച് അവര്‍ താമസിക്കുന്ന അത്താവറിലെ റൊയാലെ അപ്പാര്‍ട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും റാഗിംഗിന് വിധേയമാക്കുകയുമായിരുന്നു.
ഇരുവരെയും കൈകൊണ്ടും പിന്നീട് ഹെല്‍മെറ്റ് കൊണ്ടും അടിക്കുകയും പാട്ട് പാടിപ്പിക്കുകയും ഷേവ് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.
ഇവരുടെ അക്കൗണ്ടില്‍നിന്നു പ്രതികളില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയും ചെയ്തു. ഇതിനുശേഷം ഇരുവരെയും ഇറക്കിവിട്ടു.
പിന്നീട് ഇരുവരും മംഗളൂരു ഗവ.വെന്‍ലോക് ആശുപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
നാട്ടിലേക്കു പോകാനൊരുങ്ങുകയായിരുന്ന ഷിഹാസിനെ റെയില്‍വേ സ്റ്റേഷനില്‍വച്ചും മറ്റുള്ളവരെ ഫ്ളാറ്റില്‍നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.