സിജി ഉലഹന്നാൻ
കണ്ണൂർ: അറയ്ക്കൽ സ്വരൂപത്തിന്റെ മുപ്പത്തൊന്പതാമത്തെ സുൽത്താനും ബീവിമാരിൽ പതിനാലാമത്തെ ബീവിയുമായിരുന്നു ഇന്നലെ അന്തരിച്ച സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി. അറയ്ക്കൽ സ്വരൂപം ഇപ്പോഴും മരുമക്കത്തായ സന്പ്രദായമാണ് പിന്തുടരുന്നത്.
സ്ത്രീയായാലും പുരുഷനായാലും കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് സുൽത്താൻ. ഭരണാധികാരിയെ സ്ത്രീ-പുരുഷ ഭേദമന്യെ “സുൽത്താൻ’ എന്നുതന്നെയാണ് വിശേഷിപ്പിക്കുക.
സ്ത്രീയെ “അറയ്ക്കൽ ബീവി’യെന്നും പുരുഷനെ “അലിരാജ’ എന്നും വിളിക്കും.
നിലവിലെ സുൽത്താൻ മരിച്ചാൽ മൂന്നാംപക്കത്തെ പ്രാർഥന കഴിഞ്ഞശേഷമാണ് പിൻഗാമിയെ ആചാരപ്രകാരം വാഴിക്കുക.
അതനുസരിച്ച് 2019 മേയ് എട്ടിന് വൈകുന്നേരം ബീവിയുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ ദൈവനാമത്തിൽ ഔദ്യോഗികമായി ആദിരാജ മറിയുമ്മ സ്ഥാനമേറ്റെടുത്തത്.
വർഷങ്ങളോളം കേരളത്തിനുപുറത്ത് താമസിച്ച ഒരാൾ അറയ്ക്കൽ ബീവിയാകുന്ന ചരിത്രത്തിനാണ് അന്ന് അറയ്ക്കൽക്കെട്ട് സാക്ഷിയായത്.
അറയ്ക്കൽ തറവാട്ടിലെ സ്ത്രീകൾ അടിയന്തര സാഹചര്യങ്ങളിലും ബന്ധുവീടുകളിലെ സന്ദർശനങ്ങൾക്കും മാത്രമേ പുറത്തുപോയിരുന്നുള്ളൂ.
അപ്പോഴൊക്കെ മുഖവും കാറിന്റെ ഗ്ലാസുമൊക്കെ മറച്ചായിരുന്നു യാത്ര. എന്നാൽ, മറിയുമ്മയുടെ “എളയ’ (പുതിയാപ്ലയെ അറയ്ക്കലിൽ വിളിക്കുന്നത്) ആയി എത്തിയ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായ എ.പി.ആലിപ്പി ഭാര്യയെ ചെന്നൈയിലെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകണമെന്ന് നിർബന്ധം പിടിച്ചു.
വീട്ടുകാർ ആദ്യം എതിർത്തെങ്കിലും 1967ൽ മൂത്തമകൻ ഷുക്കൂറിന് അഞ്ചു വയസുള്ളപ്പോൾ മറിയുമ്മ രണ്ടു മക്കളുമായി ചെന്നൈയിലേക്ക് ട്രെയിൻ കയറി.
ദൂരദേശത്ത് താമസത്തിനായി അറയ്ക്കൽ തറവാട്ടിലെ ഒരു സ്ത്രീയുടെ ആദ്യയാത്രയായിരുന്നു അതെന്ന് ബീവി പറയുമായിരുന്നു.
ജോലിക്കാരും ബന്ധുക്കളുമായി വൻസംഘം മറിയുമ്മയെ അനുഗമിച്ചു. പിന്നെ, 33 വർഷം മദ്രാസ് തൊണ്ടിയാർപേട്ടയിലെ ക്വാർട്ടേഴ്സിലും കോടന്പാക്കത്തെ ഫ്ലാറ്റിലുമായി താമസം.
മറിയുമ്മയുടെ പിന്നാലെ അറയ്ക്കലിലെ ഒരുപാട് സ്ത്രീകൾ പിന്നീട് ഭർത്താക്കൻമാർക്കൊപ്പം ദൂരദേശങ്ങളിൽ താമസമാക്കി.
പാചകമായിരുന്നു ബീവിക്ക് ഏറ്റവും ഇഷ്ടം. ശാരീരിക പ്രയാസങ്ങൾ കാരണം അടുക്കളയിൽ ഓടിനടന്ന് ജോലി ചെയ്യാൻ കഴിയുന്നില്ലല്ലോയെന്ന വിഷമമായിരുന്നു ബീവിയായിരുന്നപ്പോൾ.
വേലക്കാരുണ്ടെങ്കിലും സ്ത്രീകൾ അടുക്കള പണിയെടുക്കണമെന്നത് അറയ്ക്കൽ തറവാട്ടിൽ നിർബന്ധമായിരുന്നു.
ഭർത്താവ് ആലിപ്പി ഭക്ഷണപ്രിയൻ കൂടിയായതും മറിയുമ്മയുടെ പാചക താത്പര്യങ്ങൾക്ക് പ്രോത്സാഹനമായി.
അടുക്കളയിലെ സഹായികളെ പാചകം പഠിപ്പിച്ചെടുക്കാനുള്ള മിടുക്കും ശ്രദ്ധേയമായിരുന്നു.
ചോറും മീനുമായിരുന്നു ബീവിയുടെ പ്രിയപ്പെട്ട ഭക്ഷണം. മീനില്ലാത്ത ഭക്ഷണത്തെക്കുറിച്ച് ആലോചിക്കാനെ കഴിയില്ല. പച്ചക്കറി വിഭവങ്ങളും ഇഷ്ടമായിരുന്നു.
ചെന്നൈ ജീവിതകാലത്താണ് പച്ചക്കറി വിഭവങ്ങൾ തയാറാക്കാൻ പഠിച്ചത്. അടുത്ത ക്വാർട്ടേഴ്സിലെ താമസക്കാരിയായിരുന്ന പാലക്കാട് സ്വദേശിനി ചന്ദ്രികയാണ് അവിയലും രസവും കൂട്ടുകറിയുമൊക്കെയുണ്ടാക്കാൻ പഠിപ്പിച്ചത്.
രണ്ടുപേരും പിന്നീട് നാട്ടിലേക്ക് മടങ്ങിയെങ്കിലും ചന്ദ്രികയുമായുള്ള സൗഹൃദം ബീവി തുടർന്നു.
തുണിയും കുപ്പായവും കൊച്ചിത്തട്ടവുമാണ് അറയ്ക്കലിലെ സ്ത്രീകളുടെ പാരന്പര്യവേഷം.
എന്നാൽ, സാരിയുടുക്കാനായിരുന്നു ബീവിക്ക് ഇഷ്ടം. ഭർത്താവും മക്കളും എതിർത്തിട്ടും ചെവികൊടുക്കാത്ത ശീലമായിരുന്നു വെറ്റില മുറുക്ക്.
മുറുക്കാൻ കറയുള്ള പല്ലുകാട്ടിയുള്ള ചിരി ബീവിയുടെ ” ട്രേഡ് മാർക്കാ’യിരുന്നു. തമിഴ്നാട്ടിൽ ഏറെക്കാലം ജീവിച്ചതുകൊണ്ട് ടെലിവിഷനിൽ തമിഴ് സീരിയലുകളും സിനിമകളും കാണുന്നതും ശീലമായി.