കോട്ടയം: ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാനെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള നീക്കം തകൃതിയിൽ.
ഔദ്യോഗിക നേതൃത്വത്തിന്റെ താല്പര്യം ഷിജുഖാനെ ഡിവൈഎഫ്ഐ നേതൃത്വത്തിലേക്കു കൊണ്ടുവരണമെന്നാണ്.
വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ഡിവൈഎഫ്ഐ സംസ്ഥാന ഫ്രാക്ഷൻ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.
സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ.സനോജ്, ട്രഷറർ സനീഷ് എന്നിവരെയും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ആക്ടിംഗ് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും യോഗത്തിൽ പങ്കെടുക്കും.
ദത്ത് വിവാദത്തിൽപ്പെട്ട ഷിജുഖാൻ ശിശുക്ഷേമ സമിതി സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിയുന്നതോടെ ഇതുമായി ഉയർന്ന വിവാദങ്ങൾ ശമിപ്പിക്കാനാവുമെന്നാണ് പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നത്.
പിണറായി പക്ഷക്കാരനായ ഷിജുഖാൻ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഡിഫി നേതൃസ്ഥാനത്തേക്ക് എത്തുന്നത്.
നിലവിലെ ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിലുള്ള ഒരാൾ ശിശുക്ഷേമ സമിതിയുടെ ചുമതലയിലേക്ക് എത്തിയേക്കും. നിലവിലെ സംസ്ഥാന സെക്രട്ടറി എ.എ.റഹിം അഖിലേന്ത്യാ പ്രസിഡന്റായ ഒഴിവിലേക്കാണ് ഷിജുഖാൻ എത്തുന്നത്.
വ്യാജ രേഖകളുണ്ടാക്കി താൻ പോലും അറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്നും പോലീസിലടക്കം പരാതിപ്പെട്ടിട്ടും അതു വകവെക്കാതെ ദത്ത് നടപടികൾ മനഃപൂർവം വേഗത്തിലാക്കിയെന്നുമാണ് ശിശുക്ഷേമ സമിതിക്കെതിരായ അമ്മ അനുപമയുടെ ആരോപണം. ഇതിൽ ഷിജുഖാനെതിരെയും ആരോപണം ഉയർന്നിരുന്നു.
അനുപമയുടെ അച്ഛന്റെ ആവശ്യപ്രകാരം ഷിജുഖാൻ ഇടപെട്ടാണ് ദത്ത് നടപടി വേഗത്തിലാക്കിയതെന്നാണ് ആരോപണം. എല്ലാം നിയമപരമായാണ് ചെയ്തതെന്ന് ഷിജുഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ദത്തുവിവാദത്തിൽപ്പെട്ടിരിക്കുന്ന ഷിജുഖാനെ നേതൃത്വത്തിലേക്കു കൊണ്ടുവരുന്നതിൽ ഡിവൈഎഫ്ഐയിലും അസ്വാരസ്യം ഉടലെടുത്തിട്ടുണ്ട്.
ഇതിനെ തടയിടാൻ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ടെങ്കിലും ഔദ്യോഗികനേതൃത്വം ആഗ്രഹിച്ചാൽ അതു നടപ്പിലാക്കുമെന്നു തന്നെയാണ് ഒരു വിഭാഗം പറയുന്നത്.
ഷിജുഖാൻ നിയമപ്രകാരം മാത്രമാണ് മുന്നോട്ടു പോയിരിക്കുന്നതെന്നാണ് പാർട്ടി വിശ്വസിക്കുന്നത്.
ജോണ്സണ് വേങ്ങത്തടം