മുണ്ടക്കയം ഈസ്റ്റ്: സൈനികരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തട്ടിപ്പ്. ഹോട്ടലുടമയ്ക്ക് പണം നഷ്ടമാകാതിരുന്നത് ഭാഗ്യം കൊണ്ട്.
പെരുവന്താനത്ത് പ്രവർത്തിക്കുന്ന അറഫ ഹോട്ടലിലാണ് സൈനിക ക്യാമ്പിലേക്കെന്ന വ്യാജേന ഭക്ഷണം ഓർഡർ ചെയ്ത് തട്ടിപ്പിന് ശ്രമിച്ചത്.
ഇക്കഴിഞ്ഞ 29 ന് വൈകുന്നേരം കടയുടമ ഇബ്രാഹിമിന്റെ മകന് ഷുഹൈബിന്റെ ഫോണിലേക്ക് ഒരു ഫോൺ കോൾ എത്തി. ഹിന്ദി കലർന്ന സംസാരം.
സൈനിക ക്യാമ്പിൽ നിന്നാണ് വിളിക്കുന്നത് എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി ഹൈറേഞ്ചിലെ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ക്യാമ്പിലേക്ക് നൂറു പൊറോട്ടയും അത്രയും തന്നെ ദോശയും 50 മുട്ടക്കറി, ചായ അടക്കമുള്ള ഭക്ഷണ സാധനങ്ങൾ ഓർഡർ നൽകി.
മുപ്പതാം തീയതി രാവിലെ വാഹനം വരുമെന്നും ഇതിൽ പൈസ കൊടുത്ത് അയക്കാമെന്നും വിളിച്ചയാൾ പറഞ്ഞു. ബുധനാഴ്ച രാവിലെ ഭക്ഷണം തയാറാക്കി ഹോട്ടലുടമ കാത്തിരുന്നെങ്കിലും ഇവർ എത്തിയില്ല.
ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഭക്ഷണത്തിന്റെ പൈസ അയച്ചു തരാമെന്നും ഇതിനായി എടിഎം കാർഡിന്റെ ഫോട്ടോ അയച്ചു നൽകാൻ ആവശ്യപ്പെട്ടു.
എന്നാൽ ഹോട്ടലുടമ ഇതിന് തയാറായില്ല. ഇവരെ വിശ്വസിപ്പിക്കാനായി സൈനികന്റെ ഒരു തിരിച്ചറിയൽ കാർഡ് ഹോട്ടലുടമയുടെ ഫോണിലേക്ക് അയച്ചുകൊടുത്തു.
തുടർന്നും അക്കൗണ്ട് വിവരങ്ങൾ ഇവർ ചോദിച്ചെങ്കിലും നൽകാൻ ഹോട്ടലുടമ തയ്യാറായില്ല.
ഗൂഗിൾ പേ യിലേക്ക് ആയിരം രൂപ അയച്ചാൽ 2000 രൂപയായി തിരികെ നൽകാമെന്ന് ഈ സംഘം പിന്നീട് അറിയിച്ചു.
ഏറെനേരം ശ്രമിച്ചിട്ടും അക്കൗണ്ടുമായി ബന്ധപ്പെട്ട ഒരു കാര്യവും നൽകാൻ ഹോട്ടലുടമ തയാറായില്ല. ഇതോടെ ഈ നമ്പറിലേക്ക് വിളിക്കുമ്പോൾ സ്വിച്ച് ഓഫ് മറുപടിയുമാണ് ലഭിക്കുന്നത്.
കടയുടെ ഫോൺ നമ്പർ എങ്ങനെ ലഭിച്ചു എന്ന് ഇവരോട് ചോദിച്ചപ്പോൾ ബോർഡിൽ നിന്ന് കിട്ടിയതാണെന്ന മറുപടിയാണ് നൽകിയത്.
എന്നാൽ ഹോട്ടലിലെ ബോർഡിൽ നമ്പർ എഴുതിയിട്ടില്ലായിരുന്നു. കടയിൽ ഒട്ടിച്ചിരുന്ന ഗൂഗിൾ സ്കാനറിൽ നിന്നാകാം ഇവർക്ക് നമ്പർ ലഭിച്ചത് എന്നാണ് കരുതുന്നത്.
കടയുടമ പെരുവന്താനം പോലീസിൽ ഫോട്ടോ സഹിതം പരാതി നൽകി. ഈ നമ്പർ വാട്സാപ്പിൽ തിരയുമ്പോൾ ആളുകൾ വിശ്വസിക്കത്തക്കവിധം സൈനികന്റെ തിരിച്ചറിയൽ കാർഡാണ് പ്രൊഫൈൽ പിക്ചറായി ഇട്ടിരിക്കുന്നത്.
ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണ് ഇവർ എന്നാണ് സൂചന.
സൈന്യത്തിന്റെ ഈ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി തട്ടിപ്പ് നടത്തിയിട്ടുള്ളതായി വിവരമുണ്ട്.
ഇത്തരം ആളുകൾ മേഖലയിൽ എത്തിയിട്ടുണ്ടോയെന്നാണ് സൂചന. കഴിഞ്ഞദിവസം അടിമാലിയിൽ പച്ചക്കറി വ്യാപാരിക്ക് ഇത്തരത്തിൽ 40,000 രൂപ നഷ്ടപ്പെട്ടിരുന്നു.