പൊൻകുന്നം: കഴിഞ്ഞ ഒക്ടോബർ 24 ന് ഒരു ജീവൻ ഇവിടെ പൊലിഞ്ഞതാണ്. അതിന് കേവലം മീറ്ററുകൾക്കപ്പുറമാണ് ഇന്നലെ ഒരു ജീവൻ കൂടി നഷ്ടപ്പെട്ടത്.
ഇന്നലെ അപകടവാർത്ത അരവിന്ദ ആശുപത്രിയിലെ ജീവനക്കാർ അറിഞ്ഞപ്പോഴും തങ്ങളുടെ സഹപ്രവർത്തകയുടെ ജീവനാണ് നഷ്ടപ്പെട്ടതെന്ന് ആദ്യം മനസിലാക്കിയില്ല.
കറുത്ത തുണികൊണ്ട് മൃതശരീരം മൂടിയതിനാൽ ശബരിമല തീർഥാടകരാണോ അപകടത്തിൽപ്പെട്ടത് എന്ന സംശയമായിരുന്നു അതുവഴി കടന്നുപോയ ആശുപത്രി ജീവനക്കാർക്കും.
അമ്പിളിയുടെ സ്കൂട്ടറല്ലേ അപകടത്തിൽപ്പെട്ടതെന്ന് നമ്പർ കണ്ട് സംശയം പ്രകടിപ്പിച്ചത് നഴ്സിംഗ് സൂപ്രണ്ടാണ്. അങ്ങനെ നമ്പർ ഗതാഗത വകുപ്പിന്റെ വെബ്സൈറ്റിൽ തെരഞ്ഞ് അമ്പിളിയുടേതെന്നു തിരിച്ചറിയുകയായിരുന്നു.
ഇവിടെ ഒക്ടോബർ 24 ന് സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് പൊൻകുന്നം പാട്ടുപാറ തോണിക്കുഴിയിൽ തോമസ് (ബേബി-64) ആണ്.
സഹോദരപുത്രന്റെ സ്കൂട്ടറിൽ അരവിന്ദ ആശുപത്രിയിലെത്തി മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സ്കൂട്ടറിൽ കാറിടിച്ചത്.
ദേശീയപാതയിൽ നിന്ന് കെവിഎംഎസ് റോഡിലേക്ക് തിരിയുന്നിടം ഇന്റർ ലോക്ക് പാകിയ സ്ഥലമാണ്. ഇത് ഇളകിയ നിലയിലാണ്.
ഇളകിയ ഇന്റർ ലോക്കുകൾ ഒഴിവാക്കി കടന്നുപോകാൻ വാഹനങ്ങൾ ശ്രമിക്കുമ്പോൾ കൂട്ടിയിടിക്ക് സാധ്യതയുണ്ട്.
ഇവിടെത്തന്നെ നൂറുമീറ്ററോളം ഭാഗത്ത് ദേശീയപാതയിൽ പൈപ്പിടാൻ പൊളിച്ചതുമൂലമുണ്ടായ കുഴികളും അപകടം സൃഷ്ടിക്കുന്നുണ്ട്.
കുഴികളിൽ നിറച്ച കോൺക്രീറ്റ് വീണ്ടും കുഴികളായി. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കുഴി ഒഴിവാക്കി ഓടേണ്ടി വരും. അത്തരത്തിലൊരു അപകടമാണ് ഒക്ടോബർ 24 ന് നടന്നത്.
ശബരിമല സീസണിൽ ഇവിടെ ഗതാഗത നിയന്ത്രണത്തിന് പോലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ദേശീയപാതയിലെ വേഗനിയന്ത്രണത്തിന് ഇവർക്ക് ഒന്നും ചെയ്യാനാവില്ല.
പോലീസ് ഉദ്യോഗസ്ഥൻ ഗതാഗത നിയന്ത്രണച്ചുമതല നിർവഹിക്കുന്നതിനിടെയാണ് കൺമുന്നിൽ അമ്പിളിയുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്.
ട്രാഫിക് ഐലൻഡ് സ്ഥാപിച്ച് ഗതാഗത നിയന്ത്രണത്തിന് കൂടുതൽ സുരക്ഷിതമായ വഴി തേടിയില്ലെങ്കിൽ ഇനിയും അപകടങ്ങളുണ്ടാവും.