തലശേരി: കെ.ടി. ജയകൃഷ്ണൻ ബലിദാൻ ദിനാചരണത്തോടനുബന്ധിച്ച് നഗരത്തിൽ നടത്തിയ പ്രകടനത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ച 20 ബിജെപി പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തലശേരി ടൗൺ പോലീസ് കേസെടുത്തു.
പ്രതികൾക്കായി ശിവപുരം, പടുപാറ പ്രദേശങ്ങളിൽ ഇന്ന് രാവിലെ അഞ്ച് വരെ പോലീസ് വ്യാപകമായ റെയ്ഡ് നടത്തി. മോഹൻലാൽ നായകനായ മരക്കാർ സിനിമയുടെ ഫാൻസ് ഷോ കാണാൻ പ്രതികൾ നഗരത്തിലെ തിയേറ്ററിലുണ്ടെന്ന വിവരത്തെ തുടർന്ന് പുലർച്ചെ നാലിന് പോലീസ് നഗരത്തിലെ തിയറ്റർ വളഞ്ഞെങ്കിലും പ്രതികളെ പിടികൂടാനായില്ല.
പുലർച്ചെ മൂന്നര മണിക്കാണ് മരക്കാറിന്റെ ഫാൻസ് ഷോ ആരംഭിച്ചത്.ഇന്നലെ വൈകുന്നേരം നഗരത്തിൽ നടന്ന റാലിയിലാണ് അത്യന്തം പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ടൗൺ സിഐ കെ.സനിൽ കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് കേസ് അന്വേഷിക്കുന്നത്.
പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ സംഭവം നടന്ന ഉടൻ തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.മുനിസിപ്പൽ ടൗൺ ഹാൾ പരിസരത്തു നിന്നാണ് ബലിദാൻ ദിനാചരണത്തോടനുബന്ധിച്ച് റാലി ആരംഭിച്ചത്. പ്രിന്റ് ചെയ്ത മുദ്രാവാക്യമേ വിളിക്കാവൂവെന്ന് നേതാക്കൾ ഇവിടെ വെച്ച് അനൗൺസ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനു വിവരീതമായാണ് ന്യൂനപക്ഷ വിഭാഗത്തിനെതിരെ മുദ്രാവാക്യം ഉയർന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വർഗീയ വിഷം ചീറ്റുന്ന കമന്റുകളും നവമാധ്യങ്ങളിൽ ഇടം പിടിച്ചു. ഇതോടെ നഗരത്തിൽ ഇന്നലെ രാത്രി മുതൽ തന്നെ പോലീസ് കാവൽ ശക്തമാക്കി.
വർഗീയ കലാപം ലക്ഷ്യം വെച്ച് ബിജെപി തലശേരിയിൽ നടത്തിയ പ്രകടനത്തിൽ നേതൃത്വം നൽകിയ നേതാക്കൾക്കും മുദ്രാവാക്യം വിളിച്ചവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ തലശേരി ബ്ലോക്ക് സെക്രട്ടറി സി.എൻ.ജിഥുൻ തലശേരി പോലീസിൽ പരാതി നൽകി.
യുവമോർച്ച റാലിയിൽ മുസ്ലിം വിദ്വേഷ മുദ്രാവാക്യം വിളിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം നാലിന് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. എസ് ഡി പി ഐ യും പ്രതിഷേധ പ്രകടനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്ന് നഗരത്തിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.