പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്ന് ഇന്റർ നാഷണൽ ലേബർ ഓർഗനൈസേഷനിൽ (ഐഎൽഒ.) പരാതി.
എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം എന്ന അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നിബന്ധനകൾ കാറ്റിൽ പറത്തിയാണ് തൊഴിലാളി ചൂഷണമെന്നും ഐഎൽഒ ഡയറക്ടർ ജനറലിനയച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
25000 ത്തോളം ജീവനക്കാരുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്ആർടിസിയിൽ നിരവധി വർഷങ്ങളായി തൊഴിലാളി ചൂഷണം നടന്നു വരികയാണ്. തൊഴിൽ സമയം കൂട്ടിയും വിശ്രമസമയം കുറച്ചും ജീവനക്കാരെ ദ്രോഹിക്കുന്നു.
ഒരു ദിവസം 12 മണിക്കൂർ വരെ ജോലി ചെയ്യിക്കുന്നു. അധിക സമയം ജോലി ചെയ്യുന്നതിന് പ്രതിഫലം നല്കുന്നില്ല. തുടർച്ചയായി വിശ്രമം നൽകാതെ ഡബിൾ ഡ്യൂട്ടി ചെയ്യിക്കുന്നു.
നിയമവിരുദ്ധമായ നടപടികളാണ് കെ എസ് ആർ ടി സി നടപ്പാക്കി കൊണ്ടിരിക്കുന്നത്- പരാതിയിൽ പറയുന്നു.രാജ്യത്തെ തൊഴിൽ നിയമങ്ങളെ ലംഘിച്ചുകൊണ്ടാണ് കെ എസ് ആർ ടി സി മാനേജ്മെൻറ് പ്രവർത്തിക്കുന്നതെന്നും ഇതിനെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും തൊഴിലാളികൾക്ക് നീതി ലഭ്യമാക്കണമെന്നുമാണ് പരാതി.
കോർപ്പറേഷനിലെ തൊഴിലാളികളുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഫോർ ജസ്റ്റിസിനു (എഫ്എഫ്ജെ )വേണ്ടി ജനറൽ സെക്രട്ടറിയും കണ്ടക്ടറുമായ പി.ഷാജനാണ് ഐഎൽഒ ഡയറക്ടർ ജനറലിന് ഇ-മെയിലായി പരാതി നല്കിയത്.