കൊച്ചി: ഇരുപത്തിയഞ്ച് സുന്ദരിമാര്‍ മാറ്റുരച്ച മിസ് കേരള മത്സരത്തില്‍ കേരളത്തിലെ അഴകിന്റെ റാണിയായി കണ്ണൂര്‍ സ്വദേശി ഗോപിക സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം സ്വദേശി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പായി. തൃശൂര്‍ സ്വദേശിയും ഓസ്ട്രേലിയയില്‍ വിദ്യാര്‍ഥിയുമായ ഗഗന ഗോപാലാണ് സെക്കൻഡ് റണ്ണറപ്പ്.
ബംഗളൂരുവില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് ഗോപിക. കാഞ്ഞിരപ്പിള്ളി അമല്‍ ജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ ബിടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ലിവ്യ.
ഗഗന ഓസ്ട്രേലിയയിലെ മെല്‍ബണില്‍ സ്പോര്‍ട്സ് ആന്‍ഡ് എക്സസൈസ് സയന്‍സില്‍ ബിരുദ വിദ്യാര്‍ഥിയാണ്.കേരളീയ വസ്ത്രം, ലെഹംഗ, ഗൗണ്‍ എന്നീ റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരാണ് വിജയികളായത്.
എറണാകുളം ലെമെറിഡിയന്‍ ഹോട്ടലില്‍ നടന്ന 22-ാം ഇംപ്രസാരിയോ മിസ് കേരള മത്സരത്തില്‍ സംവിധായകന് ജീത്തു ജോസഫ്, സംഗീത സംവിധായകന് ദീപക് ദേവ്, ഗായകന് അനൂപ് ശങ്കര്‍, നടിമാരായ ഇനിയ, വീണ നായര്‍, ദീപ തോമസ്, അനീഷ ചെറിയാന് തുടങ്ങിയവരായിരുന്നു വിധി കര്‍ത്താക്കള്‍.