തലശേരി: നാളെ നടക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾക്കു തുടക്കം കുറിക്കും.
തെരഞ്ഞെടുപ്പു ഫലം യുഡിഎഫ് പാനലിന് അനുകൂലമായാൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കൂടുതൽ കരുത്തനായി മാറും. മമ്പറം ദിവാകരന്റെ പാനലാണ് വിജയം നേടുന്നതെങ്കിൽ കോൺഗ്രസിലെ സുധാകര വിരുദ്ധർ കൂടുതൽ ശക്തരാകും.
കോൺഗ്രസിലെ തല മുതിർന്ന നേതാക്കളെയെല്ലാം ഒതുക്കി ഒറ്റയാൻ നീക്കമാണ് സുധാകരൻ നടത്തുന്നതെന്നാണ് എ, ഐ വിഭാഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരേയാണ് സംസ്ഥാന തലത്തിൽ എ, ഐ വിഭാഗങ്ങളുടെ രഹസ്യ കൂട്ടായ്മകൾ ഇപ്പോൾ നടന്നു വരുന്നത്.
ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ പിന്തുണയും ഈ നീക്കത്തിനു പിന്നിലുണ്ടെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
മമ്പറം ദിവാകരന്റെ വ്യക്തി പ്രഭാവം കൊണ്ടു പടുതുയർത്തിയ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പിടിച്ചെടുക്കാനുള്ള സുധാകരന്റെ നീക്കം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് സുധാകര വിരുദ്ധരായ നേതാക്കൾ പറയുന്നു.
എന്നാൽ,ഡിസിസി നേതൃത്വം എന്ത് വിട്ടു വീഴ്ചക്കും തയാറായിട്ടും ഒരു തരത്തിലുള്ള മധ്യസ്ഥ ശ്രമത്തിനും നിൽക്കാതിരുന്ന മമ്പറത്തിന്റെ നിലപാട് ശരിയല്ലെന്നാണ് സുധാകരനെ അനുകൂലിക്കുന്നവർ പറയുന്നത്.
എന്തായാലും നാളെ രാത്രിയോടെ പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് ഫലം കേരള രാഷട്രീയത്തിൽ വരും ദിവസങ്ങളിൽ സജീവ ചർച്ചയാകുമെന്നതിൽ സംശയമില്ല.
കനത്ത സുരക്ഷയിൽ മന്പറം
തലശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലുള്ള തെരഞ്ഞെടുപ്പ് മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ നാളെ നടക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സ്കൂൾ പരിസരത്തും മമ്പറം ടൗണിലും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തും.
ആശുപത്രിയുടെ ഇരുവരെയുള്ള ചരിത്രത്തിൽ നടക്കുന്ന ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്.രാവിലെ പത്തിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം നാലിന് അവസാനിക്കും.
നാലിനു ശേഷവും വോട്ടർമാരുടെ ക്യൂ ഉണ്ടെങ്കിൽ പ്രത്യേകം പാസ് നൽകിയ ശേഷം വോട്ടെടുപ്പ് തുടരും. ആറ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 38 ഉദ്യോഗസ്ഥരെയാണു തെരഞ്ഞെടുപ്പുജോലിക്കായി നിയമിച്ചിട്ടുള്ളത്.