പായിപ്പാട്: വീട്ടമ്മയെ അപമാനിക്കുകയും ജാതിപ്പേരു വിളിക്കുകയും ചെയ്തെന്ന പരാതിയിൽ പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ കെ.ഡി.മോഹനനെതിരേ ചങ്ങനാശേരി ഡിവൈഎസ്പിയുടെ അന്വേഷണം.
പായിപ്പാട് അടവിച്ചിറ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ശാലിനി(42) ജില്ലാ പോലീസ് മേധാവി ഡി.ശില്പക്കു നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണ ചുമതല ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിന് നൽകുന്നത്. ഇതുസംബന്ധിച്ചുള്ള ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് ഇന്നിറങ്ങുമെന്നാണ് സൂചന ലഭിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം പോലീസ് ഐപിസി 354-ാം വകുപ്പ് അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം മോഹനനെതിരേ കേസ് എടുത്തിരുന്നു.
ശാലിനി തന്നെ ആക്രമിച്ചതായി കാണിച്ച് പഞ്ചായത്ത് പ്രസിഡന്റു നൽകിയ കേസിൽ ഇവർക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ശാലിനിയുടെ മക്കളും സമീപവാസികളായ യുവാക്കളും തമ്മിൽ തർക്കമുണ്ടായി. ഇക്കാര്യം പറഞ്ഞു പരിഹരിക്കുന്നതിന് എത്തിയ പഞ്ചായത്തു പ്രസിഡന്റും വീട്ടമ്മയും തമ്മിൽ വാക്കേറ്റമുണ്ടായി.
ഇതിനിടയിൽ പഞ്ചായത്തു പ്രസിഡന്റ് തന്നെ അക്രമിച്ചെന്നു കാട്ടിയാണ് വീട്ടമ്മ ആദ്യം തൃക്കൊടിത്താനം പോലീസിനു പരാതി നൽകിയത്.
ഇതിൻപ്രകാരമാണ് അന്ന് പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ് എടുത്തത്. ജാതിപ്പേരു വിളിച്ചെന്നു കാണിച്ച് കഴിഞ്ഞദിവസം നൽകിയ രണ്ടാമത്തെ പരാതിയിൽ പട്ടികജാതി പട്ടിക വർഗ അതിക്രമം തടയുന്നതിനുള്ള പ്രത്യേക നിയമപ്രകാരം പഞ്ചായത്തു പ്രസിഡന്റിന്റെ പേരിൽ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്താനാണ് സാധ്യതയുള്ളത്.
തർക്കത്തിനിടയിൽ പഞ്ചായത്ത് പ്രസിഡന്റിനു മർദനമേറ്റ സംഭവവും പോലീസ് അന്വേഷിക്കുന്നുണ്ട്.