മുക്കൂട്ടുതറ: നല്ല കറയുണ്ടായിരുന്ന ഒന്നാന്തരം റബര്‍മരങ്ങള്‍ നൂറുകണക്കിനായിരുന്നു ഇടകടത്തി കരിനാട്ട് ഷിബിയുടെ പറമ്പ് നിറയെ. ഷീറ്റ് വിലയില്ലാതായപ്പോള്‍ ഒന്നര വര്‍ഷം മുമ്പ് ഒരു ദാക്ഷിണ്യവുമില്ലാതെയാണ് അവയെല്ലാം വെട്ടിനീക്കിയത്. അപ്പോള്‍ ഷിബിയുടെ മനസില്‍ ‘ഗോപാലകനാ’കാനുള്ള തീരുമാനം അടിയുറച്ചുകഴിഞ്ഞിരുന്നു.
റബര്‍ തടികള്‍ ലോറിയില്‍ കയറ്റുമ്പോള്‍ എന്തും വരട്ടെയെന്ന് കരുതി ഷിബി പറമ്പിലേക്ക് വലിച്ചുകയറ്റുകയായിരുന്നു ആദ്യ പശുവിനെ. അവിടെയായിരുന്നു തുടക്കം. ഒന്നിനു പുറകെ ജഴ്‌സി ഇനത്തിലുള്ള ആറു പശുക്കളെ വാങ്ങി. റബര്‍മരങ്ങള്‍ വെട്ടി കറയെടുത്ത് ഷീറ്റാക്കി ഉണക്കിവിറ്റാല്‍ നല്ല വിലയുള്ളപ്പോള്‍ ദിവസം ചെലവ് കഴിഞ്ഞ് 200 രൂപയാണ് കിട്ടിയിരുന്നത്. ആ സ്ഥാനത്ത് ഇപ്പോള്‍ ദിവസവും രാവിലെയും ഉച്ചക്കുമായി പാല്‍ ചുരത്തുന്നത് 20 പശുക്കല്‍. എല്ലാ ചെലവും കഴിഞ്ഞ് 2000 രൂപയാണ് ബാക്കി കിട്ടുന്നത്. അതായത് റബറിന്റെ സ്ഥാനത്ത് പത്തിരട്ടി വരുമാനം. റബര്‍മരങ്ങള്‍ നിന്നിരുന്ന പറമ്പില്‍ ഇപ്പോള്‍ വിളയുന്നത് ചോളവും തീറ്റപ്പുല്ലും.
കുടുംബവക രണേ്ടക്കറിലും മണിപ്പുഴയില്‍ വാങ്ങിയ ഒരേക്കറിലുമെല്ലാം മറ്റൊന്നുമില്ല കൃഷി. എല്ലാം പുല്ലും ചോളവുമാണ്. ഇവയെല്ലാം പശുക്കള്‍ കഴിക്കുമ്പോള്‍ സദാസമയവും തൊഴുത്തില്‍ ഫാനുകളുടെ കാറ്റും സംഗീതവുമുണ്ട്. ഭാര്യ ജെസിയുമായി രാവിലെ ഷിബിയെത്തും. പിറകെ മക്കള്‍ ക്ലിന്റോയും ക്രിസ്റ്റിയും ക്രിസ്റ്റീനയും വരും. പശുക്കളെ കുളിപ്പിക്കല്‍, ചാണകം നീക്കല്‍ എല്ലാം ഒന്നിച്ചാണ്. സഹായിക്കാന്‍ അയല്‍വാസിയായ തൊഴിലാളി ബാബുവുണ്ട്.
20 പശുക്കളും നാലു കിടാവുമായി വംശ വര്‍ധനവിലെത്തിയ ഷിബിയുടെ ഡയറിഫാം കഴിഞ്ഞയിടെ ഫാം സ്കൂളായി മൃഗസംരക്ഷണ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. നാട്ടിലെ ക്ഷീര കര്‍ഷകര്‍ക്കെല്ലാം ക്ലാസ് നല്‍കുന്നത് ഇവിടെയാണ്. പമ്പാവാലി ക്ഷീരോത്പാദക സംഘത്തിന്റെ നെടുംതൂണാണ് ഷിബി. മുഴുവന്‍ പാലും ഇവിടെയാണ് നല്‍കുന്നത്. കൂടാതെ മത്സ്യങ്ങള്‍ സമൃദ്ധമായ മൂന്ന് കുളങ്ങളുണ്ട് തൊഴുത്തിനരികെ. പറമ്പില്‍ വളം യഥേഷ്ടം നല്‍കാന്‍ ചാണകക്കുളം വേറെ. കറവ യന്ത്രവും റെഡി. വൈദ്യുതി പോയാല്‍ കറവ യന്ത്രത്തിനു മാത്രമല്ല, തൊഴുത്തില്‍ സംഗീതവും ഫാനുകളും പണിമുടക്കാതിരിക്കാന്‍ ജനറേറ്ററും റെഡി. എല്ലാത്തിലുമുപരി തൊഴുത്തില്‍ കയറിയാല്‍ ഇറങ്ങാന്‍ മടിക്കുന്ന സംതൃപ്തിയും സുഖവും അനുഭൂതിയുമാണ് ഏറ്റവും വലിയ സന്തോഷമെന്ന് ഷിബി പറയുന്നു.