മെഡിക്കൽ കോളജ്: പൊതുജനാരോഗ്യത്തിന് കാവലാൾ ആകേണ്ടുന്ന ആതുരാലയത്തിൽ അധികൃതർ നൽകിയ വാഗ്ദാനം വാക്കുകളിലൊതുങ്ങിയ കഥയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്ക് പറയാനുള്ളത്.
ദിനം പ്രതി ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും വന്നുപോകുന്ന ആശുപത്രിയിൽ മാലിന്യനിർമാർജനം പഴങ്കഥയായ ചരിത്രമാണുള്ളത്.
2015 ൽ തുടങ്ങിയതാണ് ആശുപത്രിയിലെ മാലിന്യനിർമാർജനത്തിന് അധികൃതർ മുൻകൈയെടുക്കണമെന്ന പരിദേവനം. അഞ്ചു വർഷങ്ങൾക്കിപ്പുറവും അധികൃതരുടെ വാഗ്ദാനം വാക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.
കഥപറയുന്ന പാർക്കിംഗ് സ്ഥലം …
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വാഹന പാർക്കിംഗ് നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് കുന്നുകൂടിക്കിടക്കുന്ന മാലിന്യമാണ് വർഷങ്ങളുടെ കഥ പറയുന്നത്. 2015ൽ മേയർ, ജില്ലാ കളക്ടർ, തഹസിൽദാർ, ആരോഗ്യവകുപ്പ്, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് തുടങ്ങിയ നിരവധി പേർക്ക് ജനപ്രതിനിധികൾ പരാതി നൽകിയിരുന്നു.
മെഡിക്കൽ കോളജിലെ വാഹന പാർക്കിംഗ് സ്ഥലത്ത് പ്ലാസ്റ്റിക് കവറുകളിൽ കുന്നുകൂട്ടി കൊണ്ടിടുന്ന മാലിന്യത്തിന് ഒരു ശാശ്വത പരിഹാരം കാണണമെന്നായിരുന്നു നിവേദനങ്ങളുടെയെല്ലാം പൊരുൾ.
നിലവിൽ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു കൂടാതെ ഇതിനു സമീപത്തായി ഡോക്ടർമാരുടെ ക്വാർട്ടേഴ്സും പിജി വിദ്യാർഥികളുടെ താമസസ്ഥലവും ഉണ്ട്.
ഒരു ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, തിരുവനന്തപുരം എസ്എടി ആശുപത്രിയുടെ ബ്ലോക്ക് എന്നിവയും ഇതിനു സമീപം സ്ഥിതി ചെയ്യുന്നുണ്ട്. മാലിന്യം ക്രമാതീതമായി കുന്നുകൂടുമ്പോൾ കുറച്ചൊക്കെ മണ്ണിട്ടു മൂടുകയാണ് പതിവ്.
വാഗ്ദാനം കടലാസുകളിൽ
മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികാരികൾ ഉറപ്പു നൽകിയിട്ടും യാതൊരു പരിഹാരവും ഇതുവരെയും ഉണ്ടായിട്ടില്ല.
മാലിന്യം കൊണ്ടിട്ടിരിക്കുന്ന ഭാഗത്തെ മറ്റുസ്ഥലങ്ങളിൽ നിന്ന് വേർതിരിക്കുന്നതിനായി ചുറ്റുമതിൽ നിർമിക്കുമെന്നും ഓടയിലൂടെ മാലിന്യം ഒഴുകാതിരിക്കുന്നതിന് സ്ലാബുകൾ തയാറാക്കുമെന്നും സമീപത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്നും ആയിരുന്നു വാഗ്ദാനം.
മെഡിക്കൽ കോളജ്, ദന്താശുപത്രി, തിരുവനന്തപുരം എസ്എടി ആശുപത്രി എന്നിവിടങ്ങളിൽ മാലിന്യം യഥാവിധി സംസ്കരിക്കുന്നതിന് ആവശ്യമായ ഇൻസിനറേറ്റർ നിലവിലില്ല.
എസ്എടി ആശുപത്രിയിൽ മുമ്പ് സ്ഥാപിച്ചിരുന്ന ഇൻസിനറേറ്റർ ഒരു വർഷമായി പ്രവർത്തിക്കുന്നില്ല. ആർസിസി, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ മാത്രമാണ് ഇൻസിനറേറ്റർ സൗകര്യമുള്ളത്.
അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ ഇൻസിനറേറ്ററുകൾ സ്ഥാപിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും മെഡിക്കൽ കോളജ് ക്യാമ്പസ് എന്നു മാലിന്യമുക്തമാകുമെന്ന ചോദ്യം അവശേഷിക്കുന്നു.
ഇനി എന്താണ് വേണ്ടുന്നത് ?
പരാതികൾക്കും പരിഭവങ്ങൾക്കും ഫലം ഉണ്ടാകാതെ വന്നതോടെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, മനുഷ്യാവകാശ കമ്മീഷൻ എന്നിവിടങ്ങളിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് ജനപ്രതിനിധികൾ.
ആരോഗ്യകാര്യത്തിൽ ജനങ്ങൾക്ക് സാന്ത്വനം ആകേണ്ടുന്ന ഒരു ആതുരാലയം മാലിന്യമുക്തമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും ഇതുമായി ബന്ധപ്പെട്ട് ശക്തമായ സമരപരിപാടികൾക്കു തുടക്കം കുറിക്കുമെന്നും മെഡിക്കൽ കോളജ് വാർഡ് മുൻ കൗൺസിലർ ജി.എസ്. ശ്രീകുമാർ പറഞ്ഞു.
കോടികളുടെ വികസന പ്രവർത്തനങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കുമ്പോഴാണ് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത്.
മെഡിക്കൽ കോളജ് കാന്പസിൽ ഒരു ദിവസം കുന്നുകൂടുന്ന മാലിന്യം 3000 കിലോയും എസ്എടിയിൽ നിന്ന് ഒരു ദിവസം ശേഖരിക്കപ്പെടുന്ന മാലിന്യം 600 കിലോമാലിന്യങ്ങളുമാണ്.
ഒരു ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിനുള്ള ഏകദേശ ചെലവ് 1 1.50 കോടി രൂപ ചെലവാകുമെന്ന് അധികൃതർ പറയുന്നു.