തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന ഔദ്യോഗിക വസതിയുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച പോലീസ് മേധാവിയുടെ നിർദേശങ്ങൾ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു.
ക്ലിഫ് ഹൗസ് സുരക്ഷക്കായി ഡിഐജി (സെക്യൂരിറ്റി) യുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കണമെന്നായിരുന്നു പോലീസ് മേധാവി നിർദേശം നൽകിയിരുന്നത്.
ഈ നിർദേശം അംഗീകരിച്ചതിനാൽ ഡിഐജി (സെക്യൂരിറ്റി ) ആയിരിക്കും ഇനി മുതൽ ക്ളിഫ് ഹൗസ് സുരക്ഷാ മേൽനോട്ടം വഹിക്കുന്നത്.
മുഖ്യമന്ത്രിയുടെ സുരക്ഷാ മേൽനോട്ടം ഡെപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ശിപാർശ ആഭ്യന്തര വകുപ്പ് അംഗീകരിച്ചിട്ടുണ്ട്.
പുതിയ തസ്തിക സൃഷ്ടിക്കുന്നതിനായി പൊതുഭരണ വകുപ്പ് (എഐഎസ്-സി) വിഭാഗവുമായി ആലോചിക്കുന്നതായി ആഭ്യന്തര വകുപ്പ് ഡിജിപിക്കു നൽകിയ കത്തിൽ പറയുന്നു.
2020-ൽ യൂത്ത് കോണ്ഗ്രസ് ക്ലിഫ് ഹൗസിലേക്കു മാർച്ച് നടത്തിയപ്പോൾ പ്രവർത്തകർ അകത്തു കടന്നിരുന്നു. ഇതോടെ സുരക്ഷ വർധിപ്പിച്ചു തുടങ്ങിയിരുന്നു.
ഇന്റലിജൻസ് റിപ്പോർട്ടുകൾകൂടി പരിഗണിച്ചാണ് സുരക്ഷ വർധിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇസഡ് പ്ലസ് സുരക്ഷയാണ് നൽകിവരുന്നത്.