ചെന്നൈ: കാമുകൻ വേറെ വിവാഹം ചെയ്തെന്ന വിവരം അറിഞ്ഞതില്‍ പ്രകോപിതയായി യുവതി യുവാവിനെ ആക്രമിച്ചു.
കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ജീവനൊടുക്കാനും അവര്‍ ശ്രമിച്ചു. കോയമ്പത്തൂര്‍ പീളമേട്ടില്‍ സ്വകാര്യ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം.
തിരുവനന്തപുരം കൊടിപുരം ആര്.രാഗേഷ് (30) ആണ് യുവതിയുടെ ആക്രമണത്തിന് ഇരയായത്.
കാഞ്ചിപുരം മീനംപാക്കം തരുവള്ളുവര്‍ നഗറിലെ പി.ജയന്തി (27) ആണ് യുവാവിനെ ആക്രമിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ആസിഡ് ഒഴിക്കുക മാത്രമല്ല കത്തികൊണ്ടു യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവതി വിഷം കഴിച്ചത്.
അപ്പാര്‍ട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരും ബഹളം കേട്ടെത്തിയ അയല്‍ക്കാരും ചേര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ട്.
നേരത്തെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ജയന്തി ദുബായിലെ ഒരു മസാജ് സെന്ററില്‍ ജോലി ചെയ്തു വരവേയാണ്ര രാഗേഷിനെ പരിചയപ്പെടുന്നത്.
ആദ്യ ബന്ധത്തില്‍ ഒരു കുട്ടിയുള്ള ജയന്തി ദുബായില്‍ രാഗേഷിനൊപ്പമാണ് കുറെക്കാലം താമസിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ജയന്തി ചെന്നൈയിലേക്കും ഒക്ടോബറില്‍ രാഗേഷ് നാട്ടിലേക്കും മടങ്ങി.
നാട്ടില്‍ എത്തിയ ശേഷം രാഗേഷ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഈ വിവാഹത്തിന്റെ കാര്യം അറിയിക്കാനാണ് ജയന്തിയോടു കോയമ്പത്തൂരിലെത്താന്‍ രാഗേഷ് ആവശ്യപ്പെട്ടത്.
യുവാവ് വേറെ വിവാഹം കഴിച്ചതായി അറിയിച്ചതോടെ യുവതി പ്രകോപിതയാവുകയായിരുന്നു. തന്നെ വഞ്ചിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ ആക്രമിച്ചത്.