ഇരിങ്ങാലക്കുട: പുലിയെ കണ്ടതായി സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്റെ ഗ്രൗണ്ടിലാണു കഴിഞ്ഞ രണ്ടു ദിവസമായി പുലിയുടെ സാന്നിധ്യമുള്ളതായി പ്രചരിച്ചത്. പുലിയുടേതിനു സാമ്യമുള്ള കാൽപാടുകൾ കണ്ടെത്തിയിരുന്നു.
സ്കൂളിലെ സെക്യൂരിറ്റിയും കരാർ നിർമാണ തൊഴിലാളികളും പുലിയെ കണ്ടതായി പറയുന്നുണ്ട്. വെള്ളിയാഴ്ച രാത്രിയിൽ നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ രാജു രാത്രി പത്തോടെ ഗേറ്റ് അടയ്ക്കാൻ പോയപ്പോഴാണു പുലിയോടു സാദൃശ്യമുള്ള ജീവിയെ കണ്ടത്.
ഇതേ സ്ഥലത്തുവച്ച് വീണ്ടും രാജു ഈ ജീവിയെ കണ്ടതോടെ നിർമാണ തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. മുറിയുടെ മേൽക്കൂരയിൽനിന്നും ചാടി മതിലിലൂടെ നടന്നു കുറ്റിക്കാട്ടിലേക്കു പുലി പോകുയായിരുന്നുവെന്നാണു കണ്ടവർ പറയുന്നത്.
സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്നു പോലീസും വനംവകുപ്പും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒരു മാസം മുന്പ് ആസാദ് റോഡിൽ വല്ലച്ചിറക്കാരൻ മൈക്കിളിന്റെ വീട്ടുപറന്പിലും പുലിയുടേതെന്നു തോന്നിപ്പിക്കുന്ന കാൽപാദം കണ്ടിരുന്നു.
കാട്ടുപൂച്ചയുടേതോ പുള്ളിപുലിയുടേതോ ആണ് ഈ കാൽപാടുകളെന്ന് അന്നു സൂചന നൽകിയിരുന്നു. പിന്നീട് ഒരു മാസത്തിനു ശേഷമാണ് ഇപ്പോൾ പുലിയുടെ സാന്നിധ്യം കണ്ടതായി പറയുന്നത്.
തെരുവുനായ്ക്കൾ ഈ മേഖലയിൽ കുറഞ്ഞതും തെരുവുനായ്ക്കളുടെ ഉടൽ മാത്രം ഭക്ഷിച്ച രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാണപ്പെട്ടതും ഏറെ സംശയങ്ങൾക്ക് ഇടവരുത്തുകയായിരുന്നു.
വരുംദിവസങ്ങളിൽ ഫോറസ്റ്റ് സംഘം രാത്രികാല പട്രോളിംഗ് നടത്തും. ഇനിയും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ പുലിയെ പിടിക്കുന്നതിനുള്ള കൂടുവയ്ക്കാൻ ധാരണയായി. ഗ്രൗണ്ടിനു സമീപം സിസിടിവി കാമറകൾ സ്ഥാപിക്കുന്നുണ്ട്.