സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) അടിസ്ഥാന ശന്പളം നിശ്ചയിച്ചതിൽ മാറ്റം വരുത്താതെ സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി. ഐഎഎസ്, ഐപിഎസ് സംഘടനകളുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് സർക്കാർ നടപടി.
അതേസമയം, കെഎഎസിനുള്ള ഗ്രേഡ് പേ ഒഴിവാക്കി. എന്നാൽ, ഗ്രേഡ് പേയ്ക്ക് പകരം പരിശീലനം തീരുന്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്റ് നൽകും.സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശന്പളത്തേക്കാൾ ഉയർന്ന സ്കെയിലാണ് കെഎഎസിന് നിശ്ചയിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥർ പ്രതിഷേധമുയർത്തുന്നത്.
കെഎഎസ് ഉദ്യോഗസ്ഥർക്കു പരിശീലന കാലയളവ് മുതൽ 81,800 രൂപയാണ് അടിസ്ഥാന ശന്പളം നിശ്ചയിച്ചിരിക്കുന്നത്. അനുവദനീയമായ ഡിഎ, എച്ച്ആർഎ ആനുകുല്യങ്ങളും പത്ത് ശതമാനം ഗ്രേഡ് പേയും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.അതിൽനിന്നു ഗ്രേഡ് പേ ഒഴിവാക്കിയാണ് ഇന്നലെ രാത്രി സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
എന്നിരുന്നാലും കെഎഎസ് നിയമനം ലഭിക്കുന്ന ഒരാൾ പരിശീലനം പൂർത്തിയാക്കി സർവീസിൽ കയറി ജില്ലാ കളക്ടർക്കു താഴെയുള്ള തസ്തികയിൽ ജോലി ചെയ്യുന്നവർക്കു പോലും ഒരു ലക്ഷത്തിലേറെ പ്രതിമാസം ശന്പളം ലഭിക്കും.
എന്നാൽ, തങ്ങളുടെ പരിശീലന കാലയളവിൽ 51,600 രൂപ മാത്രമാണ് അടിസ്ഥാന ശന്പളമെന്നും പരിശീലനം പൂർത്തിയായി സർവീസിൽ കയറി ക്ഷാമബത്ത കൂടി കിട്ടിയാൽ പോലും 74,000 രൂപ മാത്രമേ ലഭിക്കൂയെന്നു സിവിൽ സർവീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
അതിനാൽ 10,000 രൂപ മുതൽ 25,000 രൂപ വരെ സ്പെഷൽ പേ അനുവദിക്കണമെന്നും മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷനും ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകളുടെ കേരളാ ഘടകവും മുഖ്യമന്ത്രിക്കു കത്ത് നൽകുകയും ചെയ്തിരുന്നു.
ഈ ആവശ്യം തള്ളിയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.എന്നാൽ, സ്പെഷൽ പേ അനുവദിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി ഐഎഎസ്, ഐപിഎസ് സംഘടനകൾ അറിയിച്ചു.