വിഴിഞ്ഞം: പതിനെട്ടുകാരൻ അഭിരാമിന് പട്ടാളത്തിൽ ചേരണം. മാത്രമല്ല, തോക്കുകൾ പൊളിച്ച് റിപ്പയർ ചെയ്യുന്ന ജോലി തന്നെ വേണം.
ആധുനിക സംവിധാനമുള്ള ഒരു തോക്കുപോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും വീട്ടിലെ ഒരു മുറി മുഴുവൻ തോക്കുകളുടെ മാതൃക നിർമ്മിച്ചുകൂട്ടിയിരിക്കുകയാണ് അഭിരാം.
ലോക് ഡൗൺ കാലത്ത് മറ്റുള്ള കുട്ടികൾ ബോറടിച്ചും വിനോദങ്ങളിൽ ഏർപ്പെട്ടും സമയം ചിലവഴിച്ചപ്പോൾ അഭിരാം തോക്കുകളുടെ മാതൃകകൾ നിർമിക്കുന്ന തിരക്കിലായിരുന്നു.
വെങ്ങാനൂർ ഗൗരി നന്ദനത്തിൽ അജികുമാറിന്റെയും പ്രവീണയുടെയും മകൻ അഭിരാം പാഴ്വസ്തുക്കളിൽനിന്നുമാണ് തോക്കുകളുടെ മാതൃക നിർമ്മിക്കുന്നത്.
ചെറുപ്പം മുതലേ തോക്കുകളോടാണ് താത്പര്യം. ലോക്ഡൗൺ സമയത്ത് വീട്ടിലിരുന്ന് ബോറടിക്കാതെ വർഷങ്ങളായി മനസിൽ കൊണ്ടുനടന്ന തോക്ക് നിർമ്മാണത്തിലേർപ്പെടുകയായിരുന്നുവെന്ന് അഭിരാം പറഞ്ഞു.
കാർബോഡും പെപ്പുകളും ശീതളപാനീയ കുപ്പികളുമൊക്കെയാണ് നിർമ്മാണ വസ്തുക്കൾ. എൻപി.5, എം 416, എം 34, എകെ 17 തുടങ്ങി അധുനിക പടച്ചട്ടയും ഗ്രനേഡും വയർലസ് സെറ്റുമെല്ലാം അഭിരാമിന്റെ കരവിരുതിൽ യാഥാർത്ഥ്യമായി.
ഇംഗ്ലീഷ് സിനിമകളിലും യൂട്യൂബൂം ആണ് തോക്ക് നിർമ്മാണത്തോടു താത്പര്യം കൂട്ടിയത്. തോക്ക് കൂടാതെ പഴയ ഡിഷ് ആന്റിന ഉപയോഗിച്ച് ക്യാപ്റ്റൻ അമേരിക്കൻ ഷീൽഡും റിമോട്ട് ഉപയോഗിച്ച് പറപ്പിക്കാവുന്ന ഡ്രോണുമൊക്കെ ഭാവനയിൽ വിരിഞ്ഞു.
വട്ടിയൂർക്കാവ് പോളിടെക്നികിലെ ഒന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയാണ് അഭിരാം. നാലാം ക്ലാസുകാരനായ അനുജൻ അദ്വൈതാണ് സഹായി.
നിർമാണസമയത്ത് റൂമിൽ പ്രവേശനം അനിയനു മാത്രമാണെന്നും പൂർത്തിയായാൽ മാത്രമേ വീട്ടുകാർക്ക് കാണാൻ അനുവാദമുള്ളൂവെന്നും വീട്ടുകാർ പറഞ്ഞു.
മിലിട്ടറിയിൽനിന്നു റിട്ടയർ ചെയ്ത അപ്പൂപ്പന്റെയും വല്യച്ഛന്റെയും ഇപ്പോൾ മിലിട്ടറിയിൽ ഡ്രൈവറായ അമ്മാവന്റെയും പാത പിൻതുടർന്ന് സൈന്യത്തിൽ ആർമറി വിഭാഗത്തിൽ ചേരണമെന്നുമാണ് ആഗ്രഹമെന്ന് അഭിരാം പറഞ്ഞു.