വിഴിഞ്ഞം: ലൈറ്റില്ല നിരീക്ഷണ കാമറകളില്ല, മുന്നറിയിപ്പ് നൽകാനുള്ള അലാറമില്ല, ലക്ഷങ്ങൾ മുടക്കി ഒരു മാസം മുൻപ് അറ്റകുറ്റപ്പണി നടത്തിയ നടപ്പാതയും പൊളിഞ്ഞു .ഒരു മാസത്തിനുള്ളിൽ വീണ് കാലിന് പരിക്കേറ്റത് മൂന്ന് പേർക്ക്.
അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളത്ത് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് ദുരിതങ്ങൾ മാത്രം.കോവിഡ്നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ദിനംപ്രതി നൂറ് കണക്കിന് സഞ്ചാരികളാണ് കോവളത്ത് എത്തുന്നത്.
വരുന്ന സഞ്ചാരികളുടെ സുരക്ഷക്കായി ബീച്ചിൽ യാതൊരു സംവിധാനവും അധികൃതർ ഒരുക്കിയിട്ടില്ല.വൈകുന്നേരങ്ങളിൽ ഇരുട്ടിലാകുന്ന ബീച്ചിൽ വെളിച്ചം പകർന്നിരുന്ന ലൈറ്റുകൾ കത്താതെയായിട്ട് മാസങ്ങൾ കഴിഞ്ഞു.കഴിഞ്ഞ ദിവസം കുടുംബസമേതം ബീച്ച് കാണാനെത്തിയ യുവതി ഇരുട്ടത്ത് തപ്പിത്തടഞ്ഞ് നടക്കുന്നതിനിടയിൽ വീണ് പരിക്കേറ്റു.
അബോധാവസ്ഥയിലായ യുവതിക്ക് രക്ഷകരായത് പോലീസും സഞ്ചാരികളുമായിരുന്നു.സാമൂഹ്യവിരുദ്ധരിൽ നിന്ന് സഞ്ചാരികളെ രക്ഷിക്കാൻ ബീച്ചിലും പരിസര പ്രദേശങ്ങളിലുമായി അറുപത്തഞ്ചോളം നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു.
കോവളം പോലീസ് സ്റ്റേഷനിൽ ഇരുന്ന് തന്നെ അധികൃതർക്ക് നിരീക്ഷിക്കാവുന്ന തരത്തിലായിരുന്നു സംവിധാനമൊരുക്കിയിരുന്നത്. എന്നാൽ ഇവയിൽ പ്രവർത്തിക്കുന്നത് ഇരുപതിൽ താഴെ മാത്രം.ഏറ്റെടുത്ത സംഘത്തിന്റെ കരാർ അവസാനിച്ചതോടെ ഓണത്തിന് ശേഷം അറ്റകുറ്റപ്പണിക്കായി ആരും എത്തിയില്ല.
പൊട്ടിപ്പൊളിഞ്ഞ നടപ്പാതയെക്കുറിച്ച് നേരത്തെയുണ്ടായ വ്യാപക പരാതിയെ തുടർന്ന് മന്ത്രി നേരിട്ട് എത്തിയിരുന്നു .മന്ത്രിയുടെ ഉറപ്പിൻമേൽ ലക്ഷങ്ങൾ മുടക്കി ഒരു മാസം മുൻപ് അറ്റകുറ്റപ്പണി നടത്തിയ നടപ്പാതയിൽ ലൈറ്റ് ഹൗസിന് സമീപം വീണ്ടും തകർന്നു.
ഇവിടെ വീണ് രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റതായി നാട്ടുകാർ പറയുന്നു. സീസൺ ആയതോടെ ഉത്തരേന്ത്യയിൽ നിന്നടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി സഞ്ചാരികളുടെ വൻ തിരക്കാണ് കോവളത്ത്.
കടൽക്ഷോഭം കുറഞ്ഞ് ബീച്ചുകൾ നിരന്നതോടെ ബോട്ടിംഗും വിനോദ സ്കൂബാഡൈവിംഗ് സംഘവും സജീവമായി. ഇതോടൊപ്പം സഞ്ചാരികൾക്ക് കടലിൽ ഇറങ്ങിക്കുളിക്കുന്നതിനുള്ള അനുമതിയും കഴിഞ്ഞ മാസം മുതൽ അധികൃതർ നൽകി.
എന്നാൽ ഏതു സമയത്തും പ്രക്ഷുപ്തമാകുന്ന കടലിനെക്കുറിച്ചും അപകടങ്ങളെപ്പറ്റിയും മുന്നറിയിപ്പ് നൽകുന്ന അലാറം സംവിധാനവും പ്രവർത്തനരഹിതമായി.ഇവയെല്ലാം പൂർണമാക്കാമെന്ന ബന്ധപ്പെട്ടവരുടെ ഉറപ്പും ഇതുവരെ ഫലം കണ്ടില്ല.
കടൽക്ഷോഭത്തിലെ തിരയടിയിൽ തകർന്ന് അപകടക്കെണിയായി മാറിയ ഗ്രോബീച്ചിലെ പ്രധാന റോഡിന്റെ കാര്യത്തിലും തീരുമാനമായില്ല. ഇരുട്ടിൽ നടക്കുന്ന സഞ്ചാരികളും വാഹനങ്ങളും അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയെന്ന് നാട്ടുകാർ പറയുന്നു.