തൃശൂർ: തന്റെ ഫോട്ടോ എംഎൽഎയുടെ ഫോട്ടോയെക്കാൾ ചെറുതായതുകണ്ട മേയർ പരി പാടിയിൽ പങ്കെടുക്കാതെ മടങ്ങി. ഇന്നലെ പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിജയ ദിനാചരണ ചടങ്ങിലാണ് സംഭവം.
സ്കൂളിനു മുന്നിൽ പരിപാടിയുടെ ഫ്ലക്സ് വച്ചതിൽ ഉദ് ഘാടകനായ പി. ബാലചന്ദ്രൻ എംഎൽഎയുടെ ഫോട്ടോ വലുതാക്കി വച്ചിരുന്നു.
തൊട്ടടുത്ത് അധ്യക്ഷനായ മേയറുടെ ഫോട്ടോ ചടങ്ങിൽ പങ്കെടുക്കുന്ന മറ്റു കൗണ്‍സിലർമാരുടെ വലിപ്പത്തിലാണു വച്ചിരുന്നത്. ഇതു കണ്ട് അസ്വസ്ഥനായ മേയർ എം.കെ. വർഗീസ്, മേയർ ആരാണെന്നു മനസിലായില്ലേ എന്നു ചോദിച്ചു പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു.
ഇതറിഞ്ഞ് ചടങ്ങിൽ പങ്കെടുക്കാൻ വന്നുകൊണ്ടിരുന്ന എംഎൽഎ, ഇവിടേക്കു വരാതെ വേറെ പരിപാടിയിൽ പങ്കെടുക്കാൻ പോയി. അതോടെ വെട്ടിലായ സംഘാടകർ, മുഖ്യാ തിഥിയായിരുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എ. ഗോ പകുമാറിനെ ഉദ്ഘാടകനാക്കി.
ഡിവിഷൻ കൗണ്‍സിലർ എ. കെ. സുരേഷും പങ്കെടുത്തു. യോഗം അവസാനിക്കാറായപ്പോൾ ഉദ്ഘാടകനായ പി. ബാലചന്ദ്രൻ എംഎൽഎ എത്തി ആശംസയർപ്പിച്ചു മടങ്ങുകയും ചെയ്തു.
നേരത്തെ പോലീസിന്റെ സല്യൂട്ട് ലഭിക്കുന്നില്ലെന്നു കാണിച്ച് മേയർ ഡിജിപിക്കു പരാതി നൽകിയതു വിവാദമായിരുന്നു. അതിനു പിന്നാലെയാണിപ്പോൾ തന്റെ ഫോട്ടോ ചെറുതായെന്നു പറഞ്ഞ് മറ്റൊരു വിവാദത്തിൽപെട്ടിരിക്കുന്നത്.