സ്വന്തം ലേഖകൻ
തൃശൂർ: കെ-റെയിൽ തൃശൂർ ജില്ലയിൽ കടന്നാൽ അതിവേഗം ഇടിച്ചുനിരത്തുക അയ്യായിരം വീടുകൾ..! പതിനായിരങ്ങളുടെ ആശങ്ക ഓരോ ദിവസം ചെല്ലുന്തോറും കൂടിവരികയാണ്. പദ്ധതി നടപ്പാക്കുമെന്നു ഭരണകക്ഷി പിടിവാശി പിടിക്കുന്പോൾ, ഞങ്ങൾ എവിടേക്കാണ് അതിവേഗം പോകേണ്ടതെന്നാണ് വീടും പറന്പും സ്വസ്ഥതയുമൊക്കെ നഷ്ടപ്പെടുന്നവരുടെ ചോദ്യം.
ഉത്തരം പറയാൻ ആരും തയാറല്ല. രാത്രിയിൽ പറന്പുകളിൽ കല്ലിട്ട് കെ – റെയിൽ ഉദ്യോഗസ്ഥർ മടങ്ങുന്പോൾ ആരോടു ചോദിച്ചിട്ടാണ് കല്ലിടുന്നതെന്നു ചോദിക്കാൻപോലും പറ്റാത്ത സാഹചര്യം.പദ്ധതി കടന്നുപോകുന്ന ജില്ലയിലെ അന്നമനട മുതൽ കാട്ടകാന്പാൽവരെയുള്ള പ്രദേശങ്ങളിലെ നിവാസികളാണ് ആശങ്കയോടെ കഴിയുന്നത്.
പദ്ധതിക്കു തുടക്കമിടുന്നവർക്ക് അത് അവസാനിക്കുന്പോൾ ഉണ്ടാകുന്ന ജനങ്ങളുടെ ദുരന്തം കാണാൻ കഴിയുമോയെന്നു നിശ്ചയമില്ല. കാരണം പദ്ധതി നടപ്പാക്കാൻ വർഷങ്ങളേറെ എടുക്കും.
അപ്പോഴേക്കും ജനങ്ങളുടെ നെഞ്ചിലൂടെ കയറ്റിവിടുന്ന അതിവേഗ ട്രെയിൻ എവിടെ ചെന്നുനിൽക്കുമെന്നതിലാണ് ആശങ്ക.
എണ്ണിയാലൊടുങ്ങാത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ വേറെ. ഹെക്ടർകണക്കിനു നെൽപ്പാടങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവയ്ക്കും പദ്ധതി ദോഷകരമാകും.
കടന്നുപോകുന്നതു ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൂടെ
ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന പ്ലാനിലെ അലൈൻമെന്റ്് അനുസരിച്ച് ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽകൂടിയാണ് കെ-റെയിൽ കടന്നുപോകുന്നത്.
പദ്ധതി നടപ്പാകുന്പോൾ ജില്ലയിലെ അയ്യായിരത്തോളം വീടുകൾ കുടിയൊഴിക്കപ്പെടുമെന്നാണ് പ്രാഥമിക കണക്ക്. ജില്ലയിൽ അന്നമനട, മാള, കരുവന്നൂർ, ചേർപ്പ്, ഉൗരകം, നെടുപുഴ, കണിമംഗലം, പാലയ്ക്കൽ, ചൊവ്വൂർ, അവിണിശേരി, തൃശൂർ കൊക്കാലെ, വഞ്ചിക്കുളം, തിരൂർ, കൊട്ടേക്കാട്, അവണൂർ, കുന്നംകുളം, കാട്ടകാന്പാൽ തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ പദ്ധതിക്കായി വീടുകൾ ഒഴിയേണ്ടിവരും.
അഞ്ചുസെന്റിൽ താഴെ ഭൂമിയുള്ള നിരവധി പേർ ഈ പ്രദേശങ്ങളിൽ താമസിക്കുന്നുണ്ട്.പദ്ധതിക്കായി പൊളിച്ചുമാറ്റുന്നവയിൽ പൊതു-സ്വകാര്യ കെട്ടിടങ്ങളും വീടുകളും ആരാധനാലയങ്ങളുമെല്ലാം ഉൾപ്പെടും.
പദ്ധതിക്കെതിരേ ജനരോഷം
കെ-റെയിൽ പദ്ധതിക്കെതിരേ ജനരോഷം ജില്ലയിൽ ശക്തമാണ്. പദ്ധതിക്കായി വിവിധ പ്രദേശങ്ങളിൽ അളവെടുപ്പ്, സർവേക്കല്ല് സ്ഥാപിക്കൽ എന്നിവയാണ് ഇപ്പോൾ നടക്കുന്നത്. പാരിസ്ഥിതിക പഠനമെന്ന പേരിലാണ് അധികൃതർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതത്രേ.
ഇപ്പോൾ ഇട്ടിട്ടുള്ള സർവേ കല്ലുകൾക്ക് ഇരുവശത്തുമായി നൂറു മീറ്റർ വീതിയിൽ ഇനിയും സർവേക്കല്ലുകൾ സ്ഥാപിക്കും. പദ്ധതിക്കു 15 മുതൽ 25 മീറ്റർ സ്ഥലം മതിയെന്നാണ് സർക്കാർ പറയുന്നതെങ്കിലും ബഫർ സോണ്‍ മിനിമം പരിധി 30 മീറ്ററാണ്. അതിനാൽ സിൽവർലൈൻ ഇതിലും കൂടുതലാകുമെന്നു സമരസമിതി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയെന്നു കൊട്ടിഘോഷിച്ചു നടപ്പാക്കുന്ന കെ-റെയിൽ പദ്ധതി കേരളത്തിന്റെ സാന്പത്തിക, പാരിസ്ഥിതിക, സാമൂഹിക ദുരന്തമായിരിക്കുമെന്ന് ആരോപണമുണ്ട്.
പഠന റിപ്പോർട്ടിലും കള്ളക്കളി
പദ്ധതിയുടെ സാന്പത്തിക ലാഭത്തെക്കുറിച്ചും സംശയമുയരുന്നണ്ടെന്ന്, പദ്ധതിക്കെതിരെ രംഗത്തുവന്ന യുവകലാസാഹിതി വ്യക്തമാക്കുന്നു. ഫ്രഞ്ച് കണ്‍സൾട്ടൻസിയുടെ ആദ്യ റിപ്പോർട്ടിൽ പദ്ധതി ചെലവ് 71,063 കോടിയായിരുന്നു.
രണ്ടാമത്തെ റിപ്പോർട്ടിൽ 56,443 കോടിയായി കുറഞ്ഞു. ആദ്യ റിപ്പോർട്ടിൽ 2024ൽ പ്രതീക്ഷിക്കുന്ന പ്രതിദിനി യാത്രക്കാർ 37,750 പേർ, 2050ൽ 65,875 പേർ. എന്നാൽ രണ്ടാമത്തെ റിപ്പോർട്ടിൽ 2024ൽ 67,740 യാത്രക്കാർ, 2040ൽ 1,16,681 പേർ.
യാത്രക്കാരുടെ എണ്ണത്തിൽ ഒറ്റയടിക്ക് ഇത്രയും വ്യത്യാസം വന്നതുതന്നെ ശരിക്കുള്ള പഠന റിപ്പോർട്ടല്ലെന്നു വ്യക്തമാക്കുന്നതാണെന്നു യുവകലാസാ ഹിതി ജനറൽ സെക്രട്ടറി ഇ.എം. സതീശൻ പറയുന്നു.