കോട്ടയം: സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞുനിർത്തി സ്വർണമാല ഉൾപ്പെടെയുള്ളവ പിടിച്ചുപറിച്ച സംഭവത്തിൽ അറസ്റ്റിലായവർ മുന്‍പും തട്ടിപ്പ് നടത്തിയതിന് പിടിയിലായവർ.
വടവാതൂർ ഡംപിംഗ് യാർഡിനു സമീപം പുത്തൻപുരയ്ക്കൽ ജെസ്റ്റിൻ, മാന്നാനം കുട്ടിപ്പടിയിൽ താമസിക്കുന്ന മുട്ടന്പലം പരിയരത്തുശേരി ഡോണ്‍ മാത്യൂസ് എന്നിവരെയാണ് ഈസ്റ്റ് എസ്എച്ച്ഒ റിജോ പി. ജോസഫ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. രണ്ടാഴ്ച മുന്‍പ് കോട്ടയം റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്ത് ഗോഡൗണിനു സമീപത്താണ് സംഭവം.
ഇതുവഴി സ്കൂട്ടറിൽ എത്തിയ ആലപ്പുഴ എഴുപുന്ന സ്വദേശിയായ രജിഷിനെ നാലംഗ സംഘം തടഞ്ഞു നിർത്തിയശേഷം സ്കൂട്ടർ, സ്വർണമാല, കാതിലുണ്ടായിരുന്നു കടുക്കൻ എന്നിവ ഭീഷണപ്പെടുത്തി തട്ടിയെടുക്കുകയായിരുന്നു.
തുടർന്നു സ്കൂട്ടറുമായി സംഘം രക്ഷപ്പെടുകയും ചെയ്തു. തുടർന്നു രജിഷ് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് എസ്എച്ച്ഒ റിജോ പി. ജോസഫ്, പ്രൻസിപ്പൽ എസ്ഐ അനീഷ്കുമാർ, എസ്ഐമാരായ ഷിബുക്കുട്ടൻ, ശ്രീരംഗൻ, രാജ്മോഹൻ, ചന്ദ്രബാബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായവർ മുന്‍പു കഞ്ഞിക്കുഴിയിലെ ഹോട്ടൽ അടിച്ചു തകർത്ത കേസിലും പോലീസ് വാഹനം അടിച്ചു തകർത്ത കേസിലും ഉൾപ്പെട്ടവരാണ്.