ന്യൂഡൽഹി/ഊട്ടി: രാജ്യത്തെ പ്രഥമ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഡേറ്റ റിക്കാർഡർ കണ്ടെടുത്തു.
ദുരന്തത്തെക്കുറിച്ചു വ്യോമസേന അന്വേഷണം തുടങ്ങി. വ്യോമസേനാ ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
ഹെലികോപ്റ്ററിന്റെ ഡേറ്റ റിക്കാർഡർ വിശകലനം ചെയ്താൽ അപകടത്തെക്കുറിച്ച് ഏകദേശ ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഡേറ്റ റിക്കാർഡർ ഉടൻ പരിശോധന വിധേയമാക്കും.
വിംഗ് കമാന്റർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെ വൈകുന്നേരം തന്നെ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി അപകടസ്ഥലത്തേക്കു തിരിച്ചിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് 12:20ന് തമിഴ്നാട്ടിൽ ഊട്ടിക്കു സമീപം കൂനൂരിലെ കട്ടേരി ഫാമിനു സമീപത്തായാണ് അപകടം നടന്നത്.
കനത്ത മൂടൽമഞ്ഞ് ആയിരുന്നതിനാൽ കോപ്റ്ററിന്റെ ചിറക് മരത്തിൽ ഇടിച്ച് അപകടം ഉണ്ടായതാകാമെന്നാണു പ്രാഥമിക നിഗമനം.
താഴ്ന്നുപറന്ന ഹെലികോപ്റ്റർ മരത്തിൽ ഇടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞുവെന്നു റിപ്പോർട്ടുണ്ട്.
ദൃശ്യങ്ങൾ പ്രചരിക്കുന്നു
അതേസമയം, അപകടത്തിനു തൊട്ടു മുന്‍പു മൂടൽ മഞ്ഞുകൾക്കിടയിലൂടെ ഹെലികോപ്ടർ പറക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
പ്രദേശത്തെത്തിയ വിനോദസഞ്ചാരികൾ പകർത്തിയ ദൃശ്യമാണ് പുറത്തുവന്നത്. പിന്നാലെ എതോ വലിയ ശബ്ദം കേൾക്കുന്നതും സഞ്ചാരികൾ തിരിഞ്ഞു നോക്കുന്നതും ദൃശ്യത്തിലുണ്ട്. അതേസമയം, ദൃശ്യത്തിന്റെ അധികാരികത ഉറപ്പായിട്ടില്ല.
തിരിച്ചറിയാതെ
മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞു. ഉരുകിയൊലിച്ച ലോഹഭാഗങ്ങൾക്കിടയിൽനിന്നു മരങ്ങൾക്കിടയിലൂടെ ശ്രമകരമായാണ് മൃതദേഹങ്ങൾ പുറത്തേക്കു കൊണ്ടുവന്നത്.
ലോകരാജ്യങ്ങൾ
കൂനൂരിൽ ഹെലികോപ്റ്റർ തകർന്നു മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് അനുശോചനമറിയിച്ചു ലോകരാജ്യങ്ങള്‍. അമേരിക്ക, യുകെ, ചൈന, റഷ്യ, ജര്‍മനി, ഓസ്ട്രേലിയ, ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയൻ, ജപ്പാന്, ഇസ്രയേൽ, പാക്കിസ്ഥാന്, സിംഗപ്പുർ, നേപ്പാള്‍ തുടങ്ങി നിരവധി രാജ്യങ്ങളും അനുശോചനം അറിയിച്ചു.
തന്റെ രാജ്യത്തെ സേവിക്കുകയും യുഎസ്-ഇന്ത്യ പ്രതിരോധ ബന്ധത്തിനു സംഭാവന നൽകുകയും ചെയ്ത അസാമാന്യമായ നേതാവായി ജനറൽ റാവത്തിനെ ഓർക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ട്വീറ്റ് ചെയ്തു.
അപകടത്തിൽ മരിച്ച 13 പേരുടെയും മൃതദേഹങ്ങൾ ഇന്നു രാവിലെ 8ന് വെല്ലിങ്ടൻ സൈനിക ആശുപത്രിയിൽ പൊതുദർശനത്തിനു വയ്ക്കും.
തമിഴ്നാട് ഗവർണർ ആർ.എൻ.രവി, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എന്നിവർ പുഷ്പചക്രം അർപ്പിക്കും.റാവത്തിന്റെയും ഭാര്യ മധുലികയുടെയും സംസ്കാരം നാളെ ഡൽഹിയിൽ നടത്തും. മൃതദേഹങ്ങൾ ഇന്നു ഡൽഹിയിലെത്തിക്കും.
പ്രതിരോധമന്ത്രി ഇന്നു പ്രസ്താവന നടത്തും
ന്യൂഡൽഹി: സംയുക്തസേന മേധാവി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യാഴാഴ്ച പാർലമെന്റിൽ പ്രസ്താവന നടത്തും.
പാർലമെന്റിന്റെ ഇരുസഭകളിലും അപകടം സംബന്ധിച്ചു പ്രതിരോധമന്ത്രി വിശദീകരിക്കും. ലോക്സഭയിൽ രാവിലെ 11.15 നും രാജ്യസഭയിൽ ഉച്ചയ്ക്കും രാജ്നാഥ് സിംഗ് വിശദീകരണം നൽകും.
ജനറൽ ബിപിൻ റാവത്തിന്റെ ഡൽഹിയിലെ വസതി സന്ദർശിച്ച രാജ്നാഥ് സിംഗ് അദ്ദേഹത്തിന്റെ മകൾ കൃതിക റാവത്തുമായി സംസാരിച്ചിരുന്നു. കരസേന മേധാവി ജനറൽ എം.എം. നരവനെയും ബിപിൻ റാവത്തിന്റെ വീട് സന്ദർശിച്ചു. സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് സമിതിയും ഇന്നലെ അടിയന്തര യോഗം ചേർന്നു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി
രണ്ടു മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് യോഗം ആരംഭിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അപകടത്തെക്കുറിച്ചു രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വിശദീകരണം നൽകി. ഇന്നലെ വൈകുന്നേരം തന്നെ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി അപകടസ്ഥലത്തേക്കു തിരിച്ചിരുന്നു. സംഭവത്തിൽ വ്യോമസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.