വിരാട് കോഹ്ലിയും ബിസിസിഐയും തമ്മിൽ അത്ര രസത്തിലല്ലെന്നതാണ് പുറത്തുവരുന്ന വാർത്തകളിൽനിന്നുള്ള സൂചന. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നു രാജിവയ്ക്കണമെന്ന ബിസിസിഐയുടെ ആവശ്യം കോഹ്ലി നിരാകരിച്ചതോടെ തൽസ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് കോഹ്ലി സ്വയം ഒഴിവായിരുന്നു. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നും സ്വയം ഒഴിവാകാൻ കോഹ്ലി മുന്നോട്ടു വരാത്ത പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ ഏകപക്ഷീയമായ പ്രഖ്യാപനമെത്തിയത്.
ദക്ഷിണാഫ്രിക്കൻ ടീം പ്രഖ്യാപനത്തിനു മുന്പ് ഏകദിന ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിക്കണമെന്നായിരുന്നു കോഹ്ലിയോട് ബിസിസിഐ ആവശ്യപ്പെട്ടത്. ഇതോടെ കോഹ്ലിയും ബിസിസിഐയും തമ്മിലുള്ള വിടവ് വ്യക്തമായി. അതേസമയം, ക്യാപ്റ്റൻ കോഹ്ലിക്ക് ബിസിസിഐ ഇന്നലെ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
ഇനി ശക്തികേന്ദ്രം രോഹിത്
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷയും നാളുകളായി കോഹ്ലിയുടെ പരിമിത ഓവർ ക്യാപ്റ്റൻസിയിൽ സംതൃപ്തരല്ലായിരുന്നു എന്നതാണ് മറ്റൊരു വസ്തുത.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുന്നതിനിടെയാണ് നാടകീയമായി ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമയ്ക്കായിരിക്കുമെന്ന് ബിസിസിഐ അറിയിച്ചത്.
ടെസ്റ്റ് ടീം ഉപനായക സ്ഥാനത്തേക്കും രോഹിത്തിനെ ഉയർത്തി. ട്വന്റി-20, ഏകദിന ക്യാപ്റ്റൻ സ്ഥാനത്തിനൊപ്പം ടെസ്റ്റ് വൈസ് ക്യാപ്റ്റനായും നിയോഗിക്കപ്പെട്ടതോടെ ഇന്ത്യൻ ടീമിലെ പരിപൂർണ ശക്തികേന്ദ്രമായിരിക്കുകയാണ് രോഹിത്.