പുത്തൂർ (തൃശൂർ): രാജ്യത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തിയ ഹെലികോപ്റ്റർ അപകടത്തിൽ മലയാളി വ്യോമസേന വാറന്റ് ഓഫീസർ പ്രദീപിന്റെ മരണത്തിൽ തേങ്ങുകയാണ് ജന്മാനാടായ പൊന്നൂക്കര.
പ്രദീപിന്റെ വിയോഗ വാർത്ത അറിഞ്ഞതുമുതൽ മൈമ്പുള്ളി ക്ഷേത്രത്തിനു സമീപത്തെ പ്രദീപിന്റെ വീട്ടിലേക്കു നാട്ടുകാരുടെയും പ്രമുഖരുടെയും ഒഴുക്കാണ്.
പൊന്നൂക്കരയിലെ വീട്ടിൽ അച്ഛൻ രാധാകൃഷ്ണനും അമ്മ കുമാരിയും സഹോദരൻ പ്രസാദുമാണ് താമസം. വിവരമറിഞ്ഞ ഉടനെ സഹോദരൻ പ്രസാദ് കോയമ്പത്തൂരിലേക്കു പോയി.
പ്രദീപിന്റെ അച്ഛൻ രാധാകൃഷ്ണൻ കഴിഞ്ഞ ഒരു മാസമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചതിനെത്തുടർന്ന് വീട്ടിൽ വെന്റിലേറ്ററിലാണ് കഴിയുന്നത്.
മകന്റെ വിയോഗം അച്ഛനെ അറിയിക്കാൻ കഴിയാത്ത നിസഹായാവസ്ഥയിലാണ് അമ്മ കുമാരിയും ബന്ധുക്കളുമെല്ലാം.
മന്ത്രി കെ. രാജൻ, ജില്ലാ കളക്ടർ ഹരിത വി. കുമാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പ്രദീപിന്റെ വീട്ടിലെത്തിയിരുന്നു.