റാന്നി: കാട്ടാനയും കാട്ടുപോത്തും മയിലുകളും മാനുകളും ഉൾപ്പടെ നിരവധി വന്യജീവികളെ കുടമുരുട്ടി വഴി പെരുന്തേനരുവിക്കുള്ള യാത്രയിൽ അടുത്തു കാണാൻ അവസരം.
കഴിഞ്ഞദിവസങ്ങളിൽ ഇതുവഴിയെത്തിയ സഞ്ചാരികളടക്കമുള്ളവർക്ക് ഇവയെ നേരിട്ടു ദർശിക്കാനായി.സഞ്ചാരികൾക്ക് വന്യജീവികളെ കാണുന്നത് കൗതുകമെങ്കിലും പ്രദേശവാസികൾക്കിത് ഭീഷണിയാണ്.
കൃഷിയിടങ്ങളിൽ കാട്ടാനയുടെ രൂക്ഷ ആക്രമണങ്ങൾ നടന്ന പ്രദേശമാണ് കുടമുരുട്ടി, കൊച്ചുകുളം, ചണ്ണ, കുരുന്പൻമൂഴി പ്രദേശങ്ങൾ.
കാട്ടുപന്നികൾ കിഴങ്ങു വർഗങ്ങൾ നശിപ്പിക്കുന്പോൾ കാട്ടാനയും കാട്ടുപോത്തും വാഴ, തെങ്ങ്, റബർ ഉൾപ്പടെ നശിപ്പിക്കുന്നു.
കുറച്ചു കാലങ്ങളായി പ്രദേശത്ത് ആനയുടെ ശല്യം കുറവായിരുന്നു. പ്ലാവുകളിൽ ചക്ക വിളഞ്ഞു തുടങ്ങുന്പോഴാണ് ആന ഇറങ്ങുന്നത്.
ജനവാസ മേഖലയിലേക്ക് ആന ഉൾപ്പെടെ വന്യജീവികൾ കടക്കാതിരിക്കാൻ സൗരോർജ വേലി സ്ഥാപിക്കാനുള്ള പ്രവർത്തനം ഇനിയും തുടങ്ങിയിട്ടില്ല.