കൊല്ലാട്: മീൻപിടിക്കാൻ സ്ഥാപിച്ച കൂട്ടിൽ കൂറ്റൻ പെരുന്പാന്പ് കുടുങ്ങി. കൊടൂരാറ്റിൽ കൊല്ലാട് മഠത്തിൽ കടവിനു സമീപം സ്ഥാപിച്ചിരുന്ന കൂട്ടിലാണ് ഇന്നലെ രാവിലെ മീൻ എടുക്കാൻ ചെന്നവർ പെരുന്പാന്പ് കുടുങ്ങി കിടക്കുന്നത് കണ്ടത്.
തലേദിവസം വൈകുന്നേരം സമീപവാസിയായ ടി.ആർ. തങ്കപ്പനാണ് കൂട് ഇട്ടിരുന്നത്. കൂട്ടിൽ കിടന്ന മീനുകളെയെല്ലാം തിന്നശേഷം പുറത്തിറങ്ങാനാകാത്ത അവസ്ഥയിലായിരുന്നു പാന്പ്.
സംഭവമറിഞ്ഞു പെരുന്പാന്പിനെ കാണാൻ നിരവധിയാളുകളാണ് സ്ഥലത്തെത്തിയത്. വിവരം അറിയിച്ചതിനെത്തുടർന്ന് വൈകുന്നേരത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാന്പിനെ ഏറ്റുവാങ്ങി.
മാസങ്ങൾക്കു മുൻപ് കോടിമതയ്ക്കു സമീപം ഈരയിൽക്കടവ് ബൈപാസിൽ സമാനവലിപ്പത്തിലുള്ള പെരുന്പാന്പ് റോഡ് മുറിച്ചുകടന്ന് സമീപത്തെ പാടത്തേയ്ക്ക് ഇറങ്ങിയിരുന്നു.
ഇതിനു സമീപത്ത് തന്നെ കൊടൂരാറ്റിൽ ചത്ത നിലയിലുള്ള പാന്പിനെ നാട്ടുകാർ കണ്ടെത്തുകയും ചെയ്തിരുന്നു.