ഇരിങ്ങാലക്കുട: ഫോർമാലിൻ ഉള്ളിൽ ചെന്നു രണ്ടു യുവാക്കൾ മരിക്കാനിടയായ സംഭവത്തിൽ ഫോർമാലിൻ ലഭിച്ചതിന്റെ ഉറവിടം കണ്ടത്താനാകാതെ പോലീസ്.
സംഭവത്തിൽ ദുരൂഹത ഇല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കിയെങ്കിലും ഫോർമാലിൻ
ലഭിച്ചതിന്റെ ഉറവിടം കണ്ടെത്താനാകാത്തതു സംഭവത്തിൽ ദുരൂഹത സൃഷ്ടിക്കുന്നുണ്ട്.
ഇരിങ്ങാലക്കുട കണ്ണന്പിള്ളി നിശാന്ത് (44), ചെട്ടിയാൽ സ്വദേശി അണക്കത്തിപറന്പിൽ ബിജു (42)എന്നിവരാണു മരിച്ചത്.
രാസലായനി കഴിച്ച രണ്ടു പേരുടെയും മരണം വിഷദ്രാവകം അകത്തു ചെന്നിട്ടാണെന്നാണു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
എന്നാൽ ദ്രാവകം ഏതാണെന്നു ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. രാസപരിശോധനാ റിപ്പോർട്ടു വന്നാൽ മാത്രമേ ഇതറിയാനാകൂ.
അവിടെ അവശേഷിച്ച ലായനിയുടെ മണവും നിറവും നോക്കിയാണു ഫോർമാലിനാണെന്ന നിഗമനത്തിലെത്തിയത്. എന്നാൽ സ്ഥിരീകരണത്തിനു ലാബു റിപ്പോർട്ടുകൂടി ലഭിക്കണം.
വിഷദ്രാവകത്തിന്റെ ശക്തിയറിയാൻ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിശാന്തിന്റെ കോഴിക്കടകളിൽ അണുനശീകരണത്തിനു ഫോർമാലിൻ ഉപയോഗിക്കാറില്ലെന്നാണു വീട്ടുകാർ പറയുന്നത്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.