പന്തളം: എഴുപത്തിയാറുകാരനെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയ യുവതി അടക്കം മൂന്നുപേരെ പന്തളം പോലീസ് അറസ്റ്റു ചെയ്തു.
അടൂർ ചേന്നന്പള്ളിയിൽ വാടകയ്ക്കു താമസിക്കുന്ന പന്തളം മങ്ങാരം കൂട്ടുവാളക്കുഴിയിൽ സിന്ധു (41), കുരന്പാല തെക്ക് സാഫല്യത്തിൽ മിഥു (25), അടൂർ പെരിങ്ങനാട് കുന്നത്തുകര അരുണ്‍ നിവാസിൽ അരുണ്‍ കൃഷ്ണൻ (32) എന്നിവരാണ് അറസ്റ്റിലായത്. പന്തളം മുടിയൂർക്കോണം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
വയോധികന്റെ ഉടമസ്ഥതയിലുള്ള വസ്തു വിൽക്കാനുണ്ടെന്ന പരസ്യം കണ്ട് വീട്ടിലെത്തിയ സിന്ധു ആദ്യ സന്ദർശനത്തിൽ വിവരങ്ങളറിഞ്ഞു മടങ്ങി.
വയോധികൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ആറിന് ഉച്ചകഴിഞ്ഞ് വീണ്ടും വയോധികന്റെ വീട്ടിലെത്തിയ സിന്ധുവും മിഥുവും വീട്ടിൽ കയറി ഇരുന്നു.
വയോധികനുമായി കൂടുതൽ ഇടപഴകാൻ സിന്ധു ശ്രമിക്കുകയും ഇതെല്ലാം ഒപ്പമുള്ളയാൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു.
മൊബൈൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം രൂപയുടെ ചെക്കും അരപവൻ സ്വർണ മോതിരവും റൈസ് കുക്കറും മെഴുക് പ്രതിമയും സംഘം വീട്ടിൽനിന്നു കൈവശപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
വയോധികനെ ഭീഷണിപ്പെടുത്തിയ സംഘത്തോടൊപ്പം എസ്ബിഐ ശാഖയിലെത്തി രണ്ടുലക്ഷം രൂപയുടെ ചെക്ക് നൽകി. എന്നാൽ ഒന്നരലക്ഷം രൂപ മാത്രമേ എടുക്കാനായുള്ളൂ.
വയോധികനു സുഖമില്ലെന്നും പണം അത്യാവശ്യമാണെന്നുമാണ് യുവതി ബാങ്കുകാരോടു പറഞ്ഞത്. യുവതിയുടെ അക്കൗണ്ടിലേക്ക് 50000 രൂപ കൂടി ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു.
ഒന്‍പതിന് വീണ്ടുമെത്തിയ സംഘത്തിൽ അരുണ്‍ കൃഷ്ണനും ഉണ്ടായിരുന്നു. അതൊരു പോലീസുകാരനാണെന്ന് പരാതിക്കാരനെ സംഘം തെറ്റിദ്ധരിപ്പിച്ചു.
ഭീഷണിപ്പെടുത്തി വയോധികനെയും കൂട്ടി സംഘം 18000 രൂപയുടെ ചെക്കുകൂടി വാങ്ങി. മൂന്നുലക്ഷം രൂപയുടെ മറ്റൊരു ചെക്ക് ഒപ്പിട്ട് വാങ്ങുകയും ചെയ്തു.
പ്രതികൾ ഭീഷണി തുടർന്നതോടെ മകന്റെ സഹായത്തോടെ വയോധികൻ പോലീസിനെ സമീപിച്ചു.
മൂന്നു ലക്ഷം രൂപകൂടി നൽകാമെന്നു പറഞ്ഞു സിന്ധുവിനെ വിളിച്ചുവരുത്തി ഐരാണിക്കുടി പാലത്തിനു സമീപത്തുവച്ച് തന്ത്രപരമായി കുടുക്കുകയായിരുന്നു.
സിന്ധു നേരത്തെയും സമാനരീതിയിൽ ഹണിട്രാപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി, ഡിവൈഎസ്പി ആർ. ബിനു, പന്തളം എസ്എച്ച്ഒ എസ്. ശ്രീകുമാർ, എസ്ഐ ജി. ഗോപൻ, എഎസ്ഐ സന്തോഷ്, അജിത്ത് തുടങ്ങിയവരുടെ നേതൃത്വ ത്തിലാണ് പ്രതികളെ പിടികൂടിയത്.