മുംബൈ: ഇൻസ്റ്റഗ്രാമിൽ സൗഹൃദത്തിലായ പത്തൊന്പതുകാരനായ യുവാവിനെത്തേടി 16 വയസുള്ള സ്വീഡിഷ് പെൺകുട്ടി മുംബൈയിലെത്തി.
മുംബൈ പോലീസിന്റെ ഇടപെടലിൽ പെൺകുട്ടിയെ മാതാപിതാക്കളുടെ കൈകളിലേൽപ്പിച്ചു. നവംബർ 27നാണ് കുട്ടിയെ കാണാനില്ലെന്നു പിതാവ് പോലീസിൽ പരാതി നല്കിയത്.
ഇന്റർപോൾ കോ-ഓർഡിനഷൻ സെല്ലിന്റെ യെല്ലോ നോട്ടീസിലൂടെയാണ് മുംബൈ ക്രൈംബ്രാഞ്ചിന് ഈ വിവരം ലഭിച്ചത്.
തുടർന്ന് യുവാവിന്റെ ഇസ്റ്റഗ്രാം അക്കൗണ്ട് ട്രാക്ക് ചെയ്തു വിവരങ്ങൾ മനസിലാക്കിയ പോലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണു പെൺകുട്ടിയെ കണ്ടെത്തിയത്.
ടൂറിസ്റ്റ് വീസയിലെത്തിയ പെൺകുട്ടി ട്രോംബെയിലെ ചീറ്റ ക്യാന്പിലാണു താമസിച്ചിരുന്നത്. പെൺകുട്ടിയെ സൗത്ത് മുംബൈയിലെ ചിൽഡ്രൻസ് ഹോമിലെത്തിച്ചു.
ഇതിനിടെ, സ്വീഡിഷ് എംബസിയും ഡൽഹി ഇന്റർപോളും വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും മുംബൈയിലെത്തി കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോയി.
യുവാവിനെതിരേ പരാതിയില്ലെന്നു കുട്ടി പോലീസിനോടു പറഞ്ഞതിനാൽ കേസെടുത്തില്ല.