വൈപ്പിൻ: കുഴുപ്പിള്ളി കടൽ തീരത്ത് മത്സ്യത്തൊഴിലാളികൾക്കു വലയിൽ കുടുങ്ങി ലഭിച്ച ചുവന്ന അപൂർവ ജീവി മത്സ്യമല്ലെന്നു തിരിച്ചറിഞ്ഞു. അപൂർവ മത്സ്യമെന്നു കരുതി ഇതിനെ മത്സ്യത്തൊഴിലാളികൾ ജീവനോടെ സംരക്ഷിച്ചുവരികയായിരുന്നു.
ഇതു മത്സ്യമല്ലെന്നും കേരള തീരത്തു വളരെ വിരളമായി കാണുന്ന സ്പാനിഷ് ഡാൻസർ ഇനത്തിൽപെട്ട കടൽ ഒച്ച് ആണെന്നും സ്ഥിരീകരിച്ചു. കേരള സർവകലാശാല അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്ട് മെന്റ്ഹെഡ് പ്രഫ. എ. ബിജുകുമാറാണ് ഇക്കാര്യം അറിയിച്ചത്.
ഇന്തോ പസഫിക്ക് സമുദ്രാതിർത്തിയിലാണ് സാധാരണ ഇത്തരം കടൽ ഒച്ചുകളെ കണ്ടുവരുന്നത്. കേരളത്തിൽ ഇതിനുമുന്പ് ഒരിക്കൽ സ്പാനിഷ് ഡാൻസർ ഒച്ചിനെ ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നതായും അദേഹം പറഞ്ഞു.
ഓറഞ്ച്, ചുവപ്പ് നിറങ്ങളോടു കൂടിയ ഒച്ചിന്റെ ചിറകിൽ വെള്ള വരകളുമുണ്ട്. കാറ്റിൽ വർണപട്ടം പറക്കുന്നത് പോലെ ചിറകുകൾ നീർത്തി വെള്ളത്തിൽ താഴ്ന്നും ഉയർന്നുമാണ് ഇതിന്റെ സഞ്ചാരം. വെള്ളിയാഴ്ച രാവിലെ കുഴുപ്പിള്ളി ബീച്ചിൽ മത്സ്യബന്ധനം നടത്തിയ മത്സ്യത്തൊഴിലാളികൾക്കാണ് സ്പാനിഷ് ഡാൻസർ ഒച്ചിനെ ലഭിച്ചത്.