അടൂര്‍: മാതാവിനോടൊപ്പം ബസില്‍ കയറാന്‍ നിന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ച് അപമാനിച്ച വയോധികന് അറസ്റ്റില്‍. ഒന്നരദിവസത്തോളം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വള്ളിക്കോട് മാമ്മൂട് കുടമുക്ക് ചരുവിളയില്‍ ശ്രീജിത്ത് ഭവനില്‍ കൃഷ്ണന്‍കുട്ടി (70)യെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ അടൂര്‍ എസ്ബിടി ശാഖയ്ക്കു സമീപമുള്ള ബസ് സ്റ്റോപ്പിലാണ ്സംഭവം. ബസില്‍ അമ്മയ്ക്കൊപ്പം കയറുന്നതിനു നിന്ന പെണ്‍കുട്ടിയെ ഇതേ ബസില്‍ നിന്നിറങ്ങിവന്ന വയോധികന് കടന്നുപിടിച്ചെന്നാണ് പരാതി. തിരക്ക് കാരണം അമ്മയ്ക്കൊപ്പം കുട്ടിക്ക് ബസില്‍ കയറാനായില്ല.
അല്പം പിന്നിലേക്കായിപ്പോയ കുട്ടിയെ കൃഷ്ണന്‍കുട്ടി കടന്നുപിടിച്ചു. ബസില്‍ കയറിയ പെണ്‍കുട്ടി മാതാവിനോടു വിവരം പറഞ്ഞു. അപ്പോഴേക്കും ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ടിരുന്നു. വയോധികന് ഈസമയം സ്ഥലത്തുനിന്നു രക്ഷപെടുകയും ചെയ്തു.
സിസിടിവിയിൽ
അടൂര്‍ ടൗണില്‍ ബസ് നിര്‍ത്തി ആദ്യം ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്ഡിനോടു പരാതി പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷനിലെത്തി പരാതി നല്കി. പോലീസ് അന്വേഷണത്തില്‍ ടൗണില്‍ ബസ് സ്റ്റോപ്പിനു സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചതില്‍ പെണ്‍കുട്ടിയെ വയോധികന് അപമാനിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമായി.
മറ്റൊരു സ്ഥാപനത്തിലെ സിസിടിവിയില്‍ ഇയാള്‍ റോഡ് മുറിച്ചു കടക്കുന്നതും കണ്ടു. പത്തനംതിട്ട ഭാഗത്തേക്കു പോയ ബസില്‍ ഇയാള്‍ കയറിയതായി വ്യക്തമായതോടെ അന്വേഷണം ആ വഴിക്കായി.
തട്ടയില്‍ തോലൂഴം ഭാഗത്ത് ഇയാള്‍ ഇറങ്ങിയതായി വിവരം ലഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആളെ വ്യക്തമായത്. ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ്, എസ്ഐ മനീഷ് എന്നിവര്‍ അന്വേഷണത്തിനു നേതൃത്വം നല്കി.