റെജി ജോസഫ്
സ്ഥാനാര്‍ഥിയുടെ വര്‍ണ പോസ്റ്റര്‍ കംപ്യൂട്ടറില്‍ അണിയിച്ചൊരുക്കാന്‍ നിരക്ക് കാല് ലക്ഷം രൂപ വരെ. ഫോട്ടോ, വീഡിയോ ഷൂട്ടിന് ഒരു ലക്ഷം. ബ്യൂട്ടീഷ്യന് അണിയിച്ചൊരുക്കി ഹൈടെക് കാമറയില്‍ ചിരിപ്പിച്ചെടുക്കുന്നതില് മിഴിവുള്ള ചിത്രം കംപ്യൂട്ടറില്‍ അതിസുന്ദരമാക്കിയാണ് ഇലക്ഷന് പോസ്റ്ററുകള്‍ തയാറാക്കുക.
കണ്ണെഴുതിയും പൊട്ടുതൊട്ടും വനിതാ സ്ഥാനാര്‍ഥിയെ ഒരുക്കും. ആണുങ്ങള്‍ക്ക് കട്ടിംഗ്, ഷേവിംഗ്, താടി ഡ്രസിംഗ് എന്നിവയൊക്കെ ഏര്‍പ്പാടാക്കും. ഇത്തരത്തില്‍ സിനിമാ ചിത്രീകരണംപോലെ ദിവസങ്ങള്‍ നീളുന്നതാണ് ഷൂട്ടിംഗ്. ഇതിനായി സെറ്റും ലോക്കേഷനും വരെ ഒരുക്കുന്ന കാലം.
പോസ്റ്ററിന്റെ ഭംഗിയില്‍ സ്ഥാനാര്‍ഥി ജയിച്ചവരുടെയും പോസ്റ്റര്‍ മോശമായതിനാല്‍ തോറ്റതിന്റെയും അനുഭവങ്ങളുള്ളതിനാല്‍ ഇക്കാലത്ത് പോസ്റ്ററുകളുടെ ഗ്ലാമര്‍ ഏറെ പ്രധാനമാണ്. പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും പുതുമയുള്ള പോസ്റ്ററുകള്‍ മാറിമാറി അടിച്ചിറക്കും.
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്ന ദിവസംതന്നെ ആദ്യ റൗണ്ട് പോസ്റ്റര്‍ നിരക്കും. പിന്നാലെ കൈകൂപ്പിയും കരം ഉയര്ത്തിയുമൊക്കെയുള്ള ഫ്ളക്സുകളും കട്ടൗട്ടുകളും.മതില് ബുക്കിംഗ്, കൈയെഴുത്ത്, ഫോട്ടോ ഷൂട്ട്, അച്ചടി, പോസ്റ്റര്‍ പതിക്കല്‍ എന്നിവയൊക്കെ ഇവന്റ് മാനേജുമെന്റുകള്‍ ഏറ്റെടുക്കും.
നോട്ടീസ്, പര്യടന ഫോട്ടോകള്‍, വാര്‍ത്തകള്‍ എന്നിവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ മീഡിയ ഗ്രൂപ്പുകള്‍. പര്യടനത്തില്‍ സ്ഥാനാര്‍ഥിയെ അനുഗമിക്കാന്‍ പ്രവര്‍ത്തകരുടെ കുറവുണ്ടെങ്കില്‍ ദിവസക്കൂലിക്ക് ഇവന്റുകാര്‍ ആളെ എത്തിച്ചു കൊടുക്കും. സമ്മേളനത്തിനും റോഡ് ഷോയ്ക്കും വാഹനം, ഭക്ഷണം, മദ്യം എന്നിവയ്ക്കു പുറമെ ദിവസവേതനവും നല്‍കും.
മുഖ്യധാരാ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും തുടരെ പരസ്യങ്ങള്‍. ലോക്കല്‍ ചാനലുകളില്‍ സ്ഥാനാര്‍ഥിയുടെ അഭിമുഖത്തിനും നിരക്കുണ്ട്.കുമ്മായവും നീലവും ചേര്‍ത്തുള്ള ഭിത്തിയിലെ കൈയെഴുത്തും ചവിട്ടടി പ്രസിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് അച്ചടിയുമൊക്കെ പഴയ സ്റ്റൈല്‍. നിയമസഭയിലേക്ക് പത്തു കോടിയും ലോക് സഭയിലേക്ക് അന്‍പതു കോടിയുമൊക്കെയാണ് പ്രചാരണ ചെലവ്.
ചില പാര്‍ട്ടികളില്‍ ചെലവില്‍ ഏറിയ പങ്കും സ്ഥാനാര്‍ഥിതന്നെ വഹിക്കും. ഇടതുപാര്‍ട്ടികളില്‍ ചെലവിന്റെ ഏറിയ പങ്കും പാര്‍ട്ടി ഏറ്റെടുക്കും.കേരളത്തില്‍ 140 നിയോജകമണ്ഡലങ്ങളിലായി 40,771 ബൂത്തുകളുണ്ട്. 2.67 കോടി വോട്ടര്‍മാര്‍. മൂന്നു മുന്നണികളിലെയും സ്ഥാനാര്‍ഥികള്‍ ശരാശരി രണ്ടു കോടി രൂപ വീതം ചെലവഴിച്ചാല്തന്നെ 840 കോടി വരും.
ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്നത് 30 ലക്ഷം രൂപയാണെന്നിരിക്കെ പലപ്പോഴും 10 കോടി വരെയെ. പോരാട്ടം ഫോട്ടോഫിനിഷിംഗിലെത്തി സ്ഥാനാര്‍ഥികള്‍ക്ക് നെഞ്ചിടിപ്പുയരുന്നതനുസരിച്ച് പണച്ചെചെലവും കൂടും.നിയമസഭാ തെരഞ്ഞെടുപ്പില്‍ ദിവസേന 20 വാഹനങ്ങളെങ്കിലും മണ്ഡലത്തില്‍ അനൗണ്സ്മെന്റിനുണ്ടാവണം.
വാടക, ഡീസല്‍, ഡ്രൈവര്‍, അനൗണ്സര്, മൈക്ക്, പന്തല്‍, സ്റ്റേജ്, കസേര, വാദ്യം, ഭക്ഷണം എന്നിങ്ങനെ ഒട്ടേറെ തലങ്ങളിലാണ് ചെലവ്. ദിവസം പത്തു ലക്ഷം രൂപവരെ മുടക്കുവരും. അവസാനവട്ടം കലാശക്കൊട്ടിലെ നിരക്കിനു കണക്കുമില്ല.
പുറമേയാണ് റോഡ് ഷോകളും വാഹന റാലികളും കണ്‍വന്‍ഷനുകളും. പോളിംഗ് ബൂത്തിനുള്ളിലും പുറത്തും എജന്റുമാര്‍ക്ക് സ്ഥാനാര്‍ഥി പടി കൊടുക്കണം. കന്നി സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി ഫണ്ടും സംഭാവനയും കുറയുന്നതിനാല്‍ സാമ്പത്തിക ചെലവ് കൂടും.
തോറ്റാല്‍ പടം പൊളിഞ്ഞ ചലച്ചിത്ര നിര്‍മാതാവിന്റെ അവസ്ഥയില്‍ കടം മൂടും. ജയിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് ചെലവ് കുറയും, ഒപ്പം വരുമാനവും കൂടും.ഇക്കാലത്ത് ഇവന്റ് മാനേജുമെന്റുകളാണ് പ്രചാരണകാലത്ത് സ്ഥാനാര്‍ഥിക്കുള്ള വസ്ത്രവും ഭക്ഷണവുമൊക്കെ ഏര്‍പ്പാടാക്കുന്നത്.
ദിവസം നാലും അഞ്ചും ജോഡി വസ്ത്രങ്ങള്‍ വേണ്ടിവരും. അലക്കു,തേപ്പു കടകള്‍ക്കു വരെ തെരഞ്ഞെടുപ്പു കാലത്ത് നേട്ടമാണ്. മൈക്ക്, പന്തല്‍, അലങ്കാരം, ചെണ്ട, ബാന്‍ഡ്, ടാക്സി എന്നിവയ്ക്കും നല്ലകാലം. സ്വന്തം സ്ഥാനാര്‍ഥിയെ പുകഴ്ത്താനും എതിരാളിയെ ഇകഴ്ത്താനും സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കുന്നതും ഇക്കാലത്ത് പതിവാണ്.
പഴയ കാലത്തേതുപോലെ കട്ടന്കാപ്പിയ്ക്കും ചെണ്ടമുറിയന്‍ കപ്പയ്ക്കും പരിപ്പുവടയ്ക്കുമൊന്നും ഇക്കാലത്ത് അണികളെ കൂട്ടാനാവില്ല. ഇലക്ഷന് വാര്‍ഡു കണ്‍വന്‍ഷനിലും കുടുംബയോഗങ്ങളിലുംവരെ സദ്യയും മദ്യവും നല്‍കണം. ഇലക്ഷന് ഓഫീസുകള്‍ കേവലം വിരിപ്പന്തലുകളിലും വാടകമുറികളിലും പ്രവര്‍ത്തിച്ചിരുന്ന കാലം പോയി.
സ്റ്റാര്‍ ഹോട്ടലുകളിലാണ് തെരഞ്ഞെടുപ്പ് കേന്ദ്ര ഓഫീസുകള്‍. ദേശീയ നേതാക്കളുടെ താമസം, ഭക്ഷണം, യോഗം എന്നിവയ്ക്കാണ് ഇത്തരം ക്രമീകരണം.
മുടക്കില്ലാത്ത ബിസിനസ്
2004 മുതല്‍ 2018 വരെ ലോക്സഭയിലേക്ക് തുടരെ വിജയിച്ചവരുടെ ആസ്തിയില്‍ 260 ശതമാനം വരെയാണ് വര്‍ധന. പ്രദേശിക പാര്‍ട്ടി സ്ഥാനാര്ഥികളെക്കാള് 20 ഇരട്ടി സമ്പന്നരാണ് മുഖ്യധാരാ സ്ഥാനാര്‍ഥികള്‍. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ സ്വതന്ത്രസ്ഥാനാര്ഥികളെക്കാള് 50 ഇരട്ടിവരെ സമ്പന്നരാണ്.
പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥിയുടെയും പെരുമ പോലെ വിജയം നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളാണ് മതം, ആസ്തി തുടങ്ങിയവ. ഇക്കാരങ്ങളാല്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന് പ്രസക്തി തുലോം കുറഞ്ഞുവരികയാണിന്ന്. മുന്‍നിര പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പണാധിപത്യത്തിനും ഉപഹാരങ്ങള്‍ക്കും പ്രചാരണധൂര്ത്തിനും മുന്നില്‍ സ്വതന്ത്രര്‍ മുഖ്യധാരാസമൂഹത്തിന്റെ ശ്രദ്ധയില്‍ ഇടംനേടുന്നില്ല.
ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കോര്‍പറേറ്റുകളും വ്യവസായികളും സ്പോണ്സര് ചെയ്യുന്നതും പുതുമയല്ല. ഇക്കാലത്ത് സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതുതന്നെ പലര്‍ക്കും സാമ്പത്തിക നേട്ടമാണ്. ഓരോ ഇലക്ഷനിലും കോടികളുടെ സംഭാവനയാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍ക്ക് മിച്ചം വരിക.
ജയിച്ചാല്‍ എംഎല്‍എ, എംപി, മന്ത്രി എന്നിങ്ങനെ ആനുകൂല്യങ്ങളും സാമ്പത്തിക നേട്ടവും. ഇത്തരത്തില്‍ ഓരോ വിജയത്തിലും തോല്‍വിയിലും നേതാക്കള്‍ക്ക് സ്വത്തും ആസ്തിയും പെരുകുന്നു.തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകള്‍ അവരുടെ ഭരണനേട്ടം വിളംബരം ചെയ്യുന്ന പരസ്യങ്ങള്‍ക്ക് കോടികളാണ് ഖജനാവില്‍നിന്ന് മുടക്കാറുള്ളത്.
ഒന്നാം പിണറായി സര്‍ക്കാര്‍ 2020 ഡിസംബര്‍ വരെ 153.5 കോടി രൂപ പ്രചാരണ പരസ്യങ്ങള്‍ക്ക് ചെലവഴിച്ചതായാണ് വിവരാവകാശ രേഖ. ടെന്‍ഡര്‍, ഡിസ്പ്ലേ പരസ്യങ്ങള്‍ക്ക് 132 കോടി രൂപയും ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് 21.5 കോടി രൂപയും കഐസ്ആര്‍ടിസി പരസ്യത്തിന് 60.5 ലക്ഷവും ചെലവഴിച്ചു.
എല്ലാവിധ പരസ്യപ്രചാരണങ്ങള്ക്കുമായി 200 കോടി രൂപ ഖജനാവില്‍നിന്നു മുടക്കി. ഒന്നാം മോദി സര്‍ക്കാര്‍ ഇലക്ഷനു മുന്നോടിയായി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കു ചെലവഴിച്ചത് അയ്യായിരം കോടിയിലേറെ രൂപയാണ്.
സര്‍ക്കാരുകളുടെ മുഖംമിനുക്കലിന്റെ പേരിലെ ധൂര്‍ത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളുടെയും രാജ്യത്തിന്റെയും പൊതുകടം ഓരോ ദിവസവും ഉയര്‍ന്നുവരുന്നു. നിലവില്‍ ഒരു കേരളീയന്റെയും പൊതുകടം 55,778.34 രൂപയിലെത്തിയിരിക്കുന്നു.
(തുടരും)