മുരിങ്ങൂർ: ബജാക്കിളുമായി കേരളം മൊത്തം സഞ്ചരിക്കുകയാണ് പതിനേഴുകാരൻ. ആലുവ സ്വദേശി മുത്തനാംകുളം ഫസീഫിന്റെ മകൻ ബാദുഷ (17) യാണ് ഈ സഞ്ചാരി.
പഴയ ലാന്പി സ്കൂട്ടറിന്റെ മുൻവശവും സൈക്കിളിന്റെ പിൻഭാഗവും ചേർത്തു വച്ച വാഹനത്തിനു ബജാക്കിൾ എന്നാണു പേരിട്ടിരിക്കുന്നത്.
റോഡിനു നേരെ വരുന്ന വാഹനം ആദ്യകാഴ്ചയിൽ സ്കൂട്ടർ ആണെന്നു തോന്നുമെങ്കിലും അടുത്തെത്തുന്പോൾ ആരുമൊന്നു അറിയാതെ നോക്കി പോകും.
ലോക്ഡൗണ്‍ കാലത്ത് 6000 രൂപ ചെലവിട്ട് ഒന്നരമാസം കൊണ്ടു പൂർത്തിയാക്കിയ ബജാക്കിളുമായി ഇന്ധന വിലക്കയറ്റത്തിനെരെ പ്രതിഷേധവുമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സഞ്ചരിച്ചെത്തി.
ചെറിയ ബാറ്ററി ഉപയോഗിച്ച് ഹെഡ് ലൈറ്റ്, ഇന്റിക്കേറ്റർ, ഹോണ്‍ തുടങ്ങിയുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും വണ്ടി നീങ്ങുവാൻ പെഡൽ തന്നെ ചവിട്ടണം.
തന്റെ ബജാക്കിളുമായി കേരളത്തിനു പുറത്തു യാത്ര ചെയ്യണമെന്നാതാണ് പ്ലസ് ടു വിദ്യാർഥിയായ ചെറുപ്പക്കാരന്റെ ലക്ഷ്യം.
കഴിഞ്ഞ ദിവസം മുരിങ്ങൂർ ദേശീയപാതയിലൂടെ ബജാക്കിളുമായി കടന്നുപോയ ഈ ചെറുപ്പക്കാരനെ കണ്ട് ഫോട്ടോ എടുക്കുവാനും മറ്റുമായി നിരവധി യാത്രക്കാരാണു വഴിയിൽ കാത്തുനിന്നത്.
ചിലർ ബജാക്കിൾ ചവിട്ടി നോക്കണമെന്ന ആഗ്രഹവുമായി വരാറുണ്ടെന്നും പറയുന്നു. എംവി മച്ചാൻ എന്ന പേരിൽ സോഷ്യൽമീഡിയയിൽ താരമാണു ബാദു ഷ. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പൂർണ പിന്തുണയോടെയാണു യാത്ര.