റിയാസ് കുട്ടമശേരി
അഞ്ചൽ സിഐ ആയിരിക്കുമ്പോൾ കോളിളക്കം സൃഷ്ടിച്ച ഉത്ര വധക്കേസിൽ അലംഭാവം കാട്ടിയതിന് വകുപ്പുതല അന്വേഷണം നേരിട്ടു കൊണ്ടിരിക്കുന്നയാളാണ് ഈ കേസിൽ ആരോപണ വിധേയനായ സിഐ സി.എൽ.സുധീർ.
വിശദമായ പരാതി നൽകിയിട്ടും ഗൗരവത്തോടുള്ള അന്വേഷണം നടത്തിയില്ലെന്ന ഉത്രയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് കൊല്ലം എസ്പി കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും അവർ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയും ചെയ്തിതിരുന്നു.
ഇതു കൂടാതെ അഞ്ചലിൽ തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ മൃതദേഹങ്ങൾ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയ സംഭവവും വിവാദമായിരുന്നു.
ഇതിനെയെല്ലാം തുടർന്നാണ് സിഐ സുധീറിനെ എറണാകുളം റൂറലിലേക്ക് സ്ഥലം മാറ്റിയത്.
ഇഴയുന്ന വകുപ്പ്തല അന്വേഷണം
രാഷ്ട്രീയ പ്രതിഷേധങ്ങൾക്കൊടുവിൽ സിഐ സുധീറിനെതിരേ വകുപ്പുതല നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചു.
കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചശേഷം വകുപ്പുതല നടപടിയില്‍ തീരുമാനമെടുക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാൽ, ഇഴയുന്ന വകുപ്പുതല അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷകൾക്ക് കാത്തു നിൽക്കാതെ മോഫിയയുടെ വീട്ടുകാർ സിഐയെ കേസിൽ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രതിഷേധം ശക്തമായതോടെ ആദ്യം സിഐ സുധീറിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും ഒടുവിൽ മുഖ്യമന്ത്രി ഇടപ്പെട്ടു സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
നേരറിയാൻ ക്രൈംബ്രാഞ്ച്
നാട്ടിൽ ഏറെ വിവാദമായതോടെ കേസ് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകആയിരുന്നു. ഡിവൈ എസ്പി വി. രാജീവിന്റെ നേതൃത്വത്തിൽ വനിതാ സെൽ സർക്കിൾ ഇൻസ്പെക്ടർ അടക്കമുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
കേസിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ ആയിരുന്ന സി.എൽ.സുധീറിന്റെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ആദ്യം കേസന്വേഷിച്ച ആലുവ ഡിവൈ എസ്പി പി.കെ.ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് പ്രധാന പ്രതികളായ മോഫിയയുടെ ഭർത്താവിനെയും ഭർതൃമാതാപിതാക്കളെയും അറസ്റ്റ് ചെയ്തത്.
പ്രതികളെ ആലുവ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത് മൂവാറ്റുപുഴ ജയിലിലേക്ക് അയച്ചിരിക്കുകയാണ്. ഇവരുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
കേരളമേറ്റെടുത്ത നൊമ്പരം
ഒരു വെള്ളരി പ്രാവിനെപ്പോലെ പാറി നടക്കേണ്ട പ്രായത്തിൽ ഭർതൃഗ്രഹത്തിലെ പീഡനങ്ങളിൽ നിന്നും ആത്മഹത്യയിൽ അഭയം തേടിയ മോഫിയ കേരളത്തിന്റെ നൊമ്പരമായി മാറുകയായിരുന്നു.
കേരള ഗവർണർ മുഹമ്മദ് ആരിഫ്ഖാൻ മുതൽ സമൂഹത്തിന്റെ സമസ്ത മേഖലയിലെയും മനുഷ്യ സ്നേഹികൾ സാന്ത്വനവുമായി എടയപ്പുറത്തെ മോഫിയയുടെ വീട്ടിലേക്കൊഴുകിയെത്തി.
മുഖ്യമന്ത്രി ഫോണിൽ വിളിച്ചു പിന്തുണയറിയിച്ചു. ദുഃഖാർത്ഥരായ കുടുംബത്തെ സമാശ്വസിപ്പിച്ചു. കുറ്റക്കാർക്ക് എതിരെയുള്ള കടുത്ത അമർഷം രേഖപ്പെടുത്തി. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന പ്രത്യാശയോടെ എല്ലാവരും മടങ്ങി.
പൊന്നുമോളെക്കുറിച്ചുള്ള ഓർമ്മകളും ഓമനിച്ച് മോഫിയയുടെ മാതാപിതാക്കൾ നീതിക്കായുള്ള കാത്തിരിപ്പ് ഇന്നും തുടരുകയാണ്…. (അവസാനിച്ചു)
മോഫിയയുടെ മരണം; പലതിനും പാഠമാണ്… പീഡനങ്ങളുടെ പെരുമഴ തീർത്ത വേട്ടക്കാരോടൊപ്പം നിയമപാലകനും കൂട്ടുചേർന്നു…