കോട്ടയം: പരിവർത്തിത ക്രൈസ്തവ ശിപാർശിത വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്തു നിന്നും പി.ജെ. വർഗീസിനെ മാറ്റി സംഗീത സംവിധായകൻ ജാസി ഗിഫ്റ്റിനെ നിയമിക്കാൻ സിപിഎം നീക്കം. 2019 ജനുവരിയിലാണ് സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയംഗവും സിഐടിയു നേതാവുമായ പി.ജെ. വർഗീസിനെ കോർപറേഷൻ ചെയർമാനായി നിയമിച്ചത്.
കോർപറേഷനുകളിലും ബോർഡുകളിലും പുനസംഘടന നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് ജാസി ഗിഫ്റ്റിനെ ചെയർമാനാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഒൗദ്യോഗികമായ തീരുമാനമായിട്ടില്ല. സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയുടെ അഭിപ്രായം തേടിയതിനു ശേഷമേ അന്തിമ തീരുമാനമെടുക്കൂ.
പി.ജെ.വർഗീസിനെ കോർപറേഷൻ ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റുന്നതിനോട് ജില്ലാ നേതൃത്വത്തിനു താത്പര്യമില്ല. രണ്ടു വർഷം കൂടി കാലാവധി ഉണ്ടെന്നിരിക്കെ അതു പൂർത്തിയാക്കാൻ അനുവദിക്കണമെന്നാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ലജ്ഞാവതിയേ… നിന്റെ കള്ളക്കടക്കണ്ണിൽ എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയനായ ജാസി ഗിഫ്റ്റ് നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇടതുമുന്നണിയുടെയും പ്രത്യേകിച്ച് സിപിഎമ്മിന്റെയും പ്രചാരണ ഗാനങ്ങൾക്ക് ചുക്കാൻ പിടിച്ചയാളായിരുന്നു.
കൂടാതെ എൽഡിഎഫ് വരും എല്ലാം ശരിയാകും, ഉറപ്പാണ് എൽഡിഎഫ് എന്നീ പ്രചാരണ മുദ്രാവാക്യ കാന്പയിനുകളിലും ജാസി ഗിഫ്റ്റ് സജീവമായിരുന്നു.
ഇടതു സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളിലും ജാസി ഗിഫ്റ്റ് പങ്കെടുത്തിരുന്നു. ഇതിന്റെ പ്രത്യുപകാരമായിട്ടാണ് ചെയർമാൻ സ്ഥാനം നൽകുന്നതെന്നാണ് സൂചന. പുതിയ നിയമനം സംബന്ധിച്ച് ഒരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ചെയർമാൻ പി.ജെ. വർഗീസ് രാഷ്്ട്രദീപികയോടു പറഞ്ഞു.
ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന്
ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന്. വർഷങ്ങളായി സിപിഎം കൈവശം വച്ചിരുന്ന നാട്ടകം ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ സ്ഥാനം ഇത്തവണ കേരള കോണ്‍ഗ്രസിനു നൽകാൻ സിപിഎം തീരുമാനിച്ചു.
ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ കോട്ടയത്ത് ഒരു ചെയർമാൻ സ്ഥാനം നൽകുക എന്ന ആവശ്യത്തോട് സിപിഎം യോജിക്കുകയായിരുന്നു. ട്രാവൻകൂർ സിമന്റ്സിലെ മുൻ ജീവനക്കാരൻ കൂടിയായ വിജി എം. തോമസിന്റെ പേരാണ് കേരള കോണ്‍ഗ്രസ് ചെയർമാൻ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത്.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരും ചെയർമാൻ സ്ഥാനത്തേക്ക് നോട്ടമിട്ടുണ്ട്. ഇക്കാര്യത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ.മാണിയുടെ തീരുമാനം അന്തിമമായിരിക്കും. അതേ സമയം വർഷങ്ങളായി കൈവശമുണ്ടായിരുന്ന ചെയർമാൻ സ്ഥാനം ഘടകകക്ഷിക്കു വിട്ടു നൽകിയതിനെതിരെ സിപിഎം ജില്ലാ നേതൃത്വം അമർഷത്തിലാണ്.
സിഐടിയു യൂണിയനു നിർണായക സ്വാധീനമുള്ള സ്ഥാപനമാണ്.കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് യൂണിയൻ ഇടപെട്ട് കോണ്‍ക്രീറ്റ് പോസ്റ്റ് നിർമാണം ഉൾപ്പെടെ സിമന്റ്സിനെ കരകയറ്റുന്നതിനുള്ള പദ്ധതികൾക്ക് തുടക്കമിട്ടിരുന്നു.