തിരുവല്ല: കടുത്ത മഞ്ഞും അതിശൈത്യവുംമൂലം മുല്ലപ്പൂവിന് തീവില. കിലോയ്ക്ക് 4000 മുതല്‍ 5500 രൂപ വരെയായി.
വിലകയറിയതോടെ വിവാഹങ്ങള്‍ക്കും ചെലവേറി. ഒരുമുഴത്തിന് 150 രൂപയ്ക്കാണ് ജില്ലയില്‍ ഇന്നലെയും ഇന്നും കച്ചവടം നടന്നത്.
ഓണത്തിന് പോലും ഇത്രയുംവില കൂടിയിട്ടില്ല. അന്ന് 70 രൂപയ്ക്ക് മുകളില്‍ വന്നിട്ടില്ല. ശങ്കരന്‍കോവില്‍,ദിണ്ഡിഗല്‍,തേനി,മധുര എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയില്‍ പൂവരുന്നത്.
ഒരു മാസത്തിലേറെയായുള്ള കടുത്ത തണുപ്പും മഞ്ഞുവീഴ്ചയുംമൂലം മുല്ലപ്പൂക്കള്‍ ചെടിയില്‍ത്തന്നെ ചീഞ്ഞ് കറുക്കുന്ന സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു.
മൊട്ടുണ്ടായി പൂവിരിയുന്ന സമയത്ത് സാമാന്യം വെയിലുണ്ടെങ്കില്മാത്രമേ നല്ലനിലയില്‍ പൂക്കള്‍ ഉണ്ടാകൂ.
പൂക്കുലയില് ഏതുസമയത്തും ജലാംശമുള്ളതിനാല്‍ മരുന്നടിച്ചാലും ഫലിക്കില്ല. മഞ്ഞുവീഴ്ച മൂലമുള്ള സ്കോര്ച്ചിങ് എന്ന അവസ്ഥയാണിതെന്ന് തമിഴ്നാട് കൃഷിവകുപ്പ് വ്യക്തമാക്കി.
താമരയ്ക്ക് ഒരെണ്ണത്തിന് 40 രൂപയാണ് വിപണിവില, അരളിക്ക് 1 കിലോ 450,ബന്ദി 1 കിലോ 200, തുളസി കിലോ…100, റോസ് 1 കിലോ 450, ട്യൂബ് റോസ് 1 കിലോ 400 എന്നിങ്ങനെയാണ് വില.
കല്യാണപാര്‍ട്ടിക്ക് മുല്ലപ്പൂവിന് മാത്രം മൂവായിരം കടക്കും. ഒരു നവവധുവിനെ ഒരുക്കാന്‍ 20 മുഴത്തിന്റെ രണ്ടുണ്ട പൂവേണം.
അവരുടെ ബന്ധുക്കള്ക്കെല്ലാംകൂടി അഞ്ചുംപത്തും ഉണ്ട പൂ ഒരു കല്യാണവീട്ടിലേക്കുതന്നെ വേണ്ടിവരും.
ഏകദേശം മുല്ലപ്പൂമാത്രം 3500 രൂപയോളം വേണ്ടിവരും.വില കയറിയതോടെ പൂവില്‍പ്പന നാലിലൊന്നായി കുറഞ്ഞു. മകരം പിറക്കുന്നതോടെ വിവാഹങ്ങള്‍ കൂടും. പൂവില ഇനിയും ഉയരാനാണ് സാധ്യതയെന്നു വ്യാപാരികൾ.