നിശാന്ത് ഘോഷ്
കണ്ണൂർ: സർക്കാർ വകുപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം നൽകേണ്ടതില്ലെന്ന ഇടത് സർക്കാരിന്റെ പ്രഖ്യാപിതനയത്തിന് വിരുദ്ധമായി ട്രഷറിയിൽ ഡെപ്യൂട്ടേഷൻ നിയമനം.
ആദ്യ പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തിയുടെ അടുത്ത ബന്ധുവും തൃശൂർ ജില്ലാ ട്രഷറി ജൂണിയർ സൂപ്രണ്ടുമായ കെ.വി. മിനിയെയാണ് ചട്ടങ്ങളും നിബന്ധനകളും മറികടന്ന് അവരുടെ വീടിനത്തുള്ള ട്രഷറിയിൽ ഡെപ്യൂട്ടേഷനിൽ നിമയിച്ചിരിക്കുന്നത്.
മിനിക്ക് കോഴിക്കോട് ഡെപ്യൂട്ടേഷൻ നിയമനത്തിനായി തൃശൂർ ജില്ലാ ട്രഷറിയിലെ ജൂണിയർ സൂപ്രണ്ട് പോസ്റ്റ് കോഴിക്കോട്ടേക്ക് മാറ്റിയാണ് നിയമനം.തൃശൂർ ജില്ലാ ട്രഷറിക്കു കീഴിലെ തൃപ്രയാർ ട്രഷറിയിൽ സൂപ്പർവൈസിംഗ് പോസ്റ്റിൽ ഉദ്യോഗസ്ഥനും ആവശ്യത്തിന് ജീവനക്കാരുമില്ലാത്തത് പരിഹരിക്കണമെന്ന വർഷങ്ങളായുള്ള അപേക്ഷ നിലനിൽക്കെയാണ് ഡെപ്യൂട്ടേഷൻ നിയമനമെന്നും ആക്ഷേപമുണ്ട്.
കോഴിക്കോട് സ്വദേശികളും നിലവിൽ ജില്ലയ്ക്ക് പുറത്തും ജോലി ചെയ്യുന്നവരുടെ സീനിയോറിറ്റി മറികടന്ന് ഭരണസ്വാധീനമുപയോഗപ്പെടുത്തിയാണ് നിയമനമെന്നും ഇടത് സർവീസ് സംഘടനയിലെ ജീവനക്കാർ തന്നെ ആരോപിക്കുന്നു. നേരത്തെ സെലക്ഷൻ ഗ്രേഡ് അക്കൗണ്ടന്റായി ജോലി ചെയ്തു വരുന്നതിനിടെയും ഇവർക്ക് സമാന രീതിയിൽ കോഴിക്കോട്ടേക്ക് ഡെപ്യൂട്ടേഷൻ നിയമനം നൽകിയിരുന്നു.
അന്ന് പെൻഷൻ സംബന്ധമായ സോഫ്റ്റ് വെയറിന്റെ ചുമതല നൽകിയായിരുന്നു നിയമനം. ട്രഷറി വകുപ്പിൽ സ്ഥലം മാറ്റം ഉൾപ്പെടെയുള്ളവ നടക്കാതിരിക്കുന്പോഴാണ് ഇത്തരത്തിൽ സർക്കാർ നയം ലംഘിച്ച് ഡെപ്യൂട്ടേഷൻ നിയമനം നടത്തിയതെന്ന് ഒരു വിഭാഗം ജീവനക്കാർ കുറ്റപ്പെടുത്തുന്നു.
ട്രഷറി ഡയറക്ടർ എ.എം. ജാഫർ ആണ് ഡെപ്യൂട്ടേഷൻ നിയമനം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.കോഴിക്കോട് ജില്ലാ ട്രഷറിയുടെ കീഴിൽ വരുന്ന അഡീഷണൽ സബ് ട്രഷറിയിൽ ജോലി ഭാരം പരിഗണിച്ച് സൂപ്രണ്ടിനെ നിയമിക്കണമെന്നു കാണിച്ച് കോഴിക്കോട് ജില്ലാ ട്രഷറി ഓഫീസറുടെ അപേക്ഷ പരിഗണിച്ചാണ് നിയമനം.
നഗര മധ്യത്തിൽ സ്ഥിതിചെയ്യുന്ന ട്രഷറി ആയതിനാൽ ആളുകൾ കൂടുതലും ആശ്രയിക്കുന്നത് ഈ ട്രഷറിയെയാണെന്നും ജീവനക്കാരുടെ അമിത ജോലിഭാരം ലഘൂകരിക്കാൻ ഒരു ജൂണിയർ സൂപ്രണ്ടിന്റെ ആവശ്യകത കണക്കിലെടുത്തുമാണ് ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നതെന്നും ഉത്തരവിൽ പറയുന്നു.