ചെങ്ങന്നൂർ: പുലർച്ചെ പ്രഭാത സവാരിക്കും ക്ഷേത്രദർശനത്തിനും തനിച്ചിറങ്ങുന്ന സ്ത്രീകളെ നിരീക്ഷിച്ച ശേഷം ഇവരെ ആക്രമിച്ച് സ്വർണ്ണം അപഹരിക്കുന്ന ദമ്പതികളായ പ്രതികളെ ഇന്നലെ ചെങ്ങന്നൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
ആലപ്പുഴ മിത്രക്കരി മുട്ടാർ മിത്രമഠം കോളനിയിൽ ലെതിൻ ബാബു, ഭാര്യ സൂര്യമോൾ സോമൻ എന്നിവരെയാണ് തെളിവെടുപ്പിനായി ചെങ്ങന്നൂരിലെത്തിച്ചത്.
കഴിഞ്ഞ നവംബർ മാസം 18 പുലർച്ചെ 4.50ന് ക്ഷേത്ര ദർശനത്തിനു പോയ തിരുവൻവണ്ടൂർ രാജീവ് സദനത്തിൽ തുളസീഭായി (64)ന്റെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാലയും ഏപ്രിൽ 19ന് പുലർച്ചെ 6ന് പ്രഭാത സവാരിക്കിറങ്ങിയ ഉമയാറ്റുകര കണ്ടൻകരോത്ത് നിഷാ ഭവനിൽ ഗോപാലന്റെ ഭാര്യ പ്രസന്നകുമാരി (67)ന്റെ മൂന്നു പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും രണ്ടുഗ്രാം തൂക്കം വരുന്ന ലോക്കറ്റും അപഹരിച്ചകേസിലാണ് പ്രതികളായ ലെതിൻ ബാബു,
ഭാര്യ സൂര്യമോൾ സോമൻ എന്നിവരെ ഇന്നലെ തെളിവെടുപ്പിനായി എത്തിച്ചത്.തൊണ്ടിമുതലുകൾ ചങ്ങനാശേരിയിലെ ജൂവലറിയിൽ നിന്നു കണ്ടെത്തി.