ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്താനുള്ള ശിപാർശയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പെൺകുട്ടികളുടെ വിവാഹപ്രായം 18-ൽ നിന്ന് 21ആയി വർധിപ്പിക്കാനുള്ള ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽത്തന്നെ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്.
ഇപ്പോഴുള്ള നിയമപ്രകാരം പുരുഷന്റെ വിവാഹപ്രായവും 21 ആണ്. വിവാഹപ്രായം ആൺ, പെൺ ഭേദമന്യേ തുല്യമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 2020-ലെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പെൺകുട്ടികളുടെ വിവാഹപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
മന്ത്രിസഭയുടെ അംഗീകാരത്തെത്തുടര്‍ന്ന്, 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുമെന്നും സ്പെഷല്‍ മാര്യേജ് ആക്ട് 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തിനിയമങ്ങളിലും ഭേദഗതി കൊണ്ടുവരുമെന്നും സർക്കാർ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.