കോളജിൽ പഠിക്കുന്ന കാലം മുതൽ ഞാൻ വിവിധ തരം മാർഷൽ ആർട്സ് പരിശീലിക്കുകയും മറ്റുള്ളവർക്ക് പരിശീലനം നൽകുകയും ചെയ്യാറുണ്ടായിരുന്നു. പഠനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുറച്ചുനാൾ ഒന്ന് എല്ലാത്തിൽ നിന്നും മാറി നിൽക്കാൻ ഞാൻ തീരുമാനിച്ചിരുന്നു.
അപ്പനോട് പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. ഞാൻ പൊലീസിൽ ചേരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അങ്ങനെ അപ്പൻ അനുവദിച്ച ആ ചുരുങ്ങിയ കാലയളവിലാണ് ഞാൻ സിനിമയിലേക്ക് ചാൻസ് ചോദിച്ച് യാത്ര ആരംഭിച്ചത്.
പലപ്പോഴും ഭരതേട്ടന്റെ വീടിന് മുമ്പിലൂടെ പോകും അവിടെ കാത്ത് നിൽക്കും. അപ്പോഴും ഉള്ളിലേക്ക് കേറി ചെന്ന് അദ്ദേഹത്തോട് ചാൻസ് ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.
അങ്ങനെ ഒരിക്കൽ അദ്ദേഹത്തെ പോയി കണ്ടു വിവരങ്ങൾ പറഞ്ഞു. പത്ത് ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു. അങ്ങനെ ചെന്നപ്പോഴാണ് ചിലമ്പിലെ വില്ലൻ വേഷത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.
ആയിരം രൂപ കൈയിൽ വെച്ച് തന്ന ശേഷം ഭരതേട്ടനാണ് ചിലമ്പിലെ കഥാപാത്രത്തെ കുറിച്ച് വിശദീകരിച്ചത്. അന്ന് വീട്ടിൽ നിന്ന് ചെലവിന് പൈസ ഞാൻ ചോദിക്കാറില്ലായിരുന്നു.
അതിനാൽ തന്നെ അദ്ദേഹം ആയിരം രൂപ തന്നപ്പോൾ എനിക്ക് അദ്ഭുതമായിരുന്നു. ആ തുകയ്ക്ക് അന്ന് വലിയ വിലയുണ്ടായിരുന്നു. –ബാബു ആന്റണി