സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി ബാലുശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ലിംഗസമത്വ യൂണിഫോം (Gender Neutral Uniform) പദ്ധതി നടപ്പാക്കിയത് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ്.
വസ്ത്രത്തിലെ തുല്യതയെന്ന സന്ദേശം ചര്‍ച്ചയാകുമ്പോള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ താന്‍ നിമിത്തമായ യൂണിഫോം മാറ്റത്തെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുകയാണ് തൃശൂര്‍ വനിത സെല്ലിലെ സബ് ഇന്‍സ്പെക്ടര്‍ എന്‍.എ. വിനയ.
പോലീസിലെ ലിംഗനീതിക്കുവേണ്ടി പോരാടിയ വയനാട് സ്വദേശിയായ വിനയയെന്ന ഈ പോലീസ് ഉദ്യോഗസ്ഥയെ മലയാളികള്‍ മറക്കാനിടയില്ല.
സാരി അഴിച്ചെടുത്ത സംഭവം
സ്ത്രീയെന്ന പരിഗണനയൊന്നും കൂടാതെ ജോലി ചെയ്യാനുള്ള സാഹചര്യത്തിനുവേണ്ടിയായിരുന്നു വിനയയുടെ പോരാട്ടം. അതില്‍ പ്രധാനമായതും വസ്ത്രധാരണം തന്നെയായിരുന്നു. സാരിയുടുത്ത് ചെയ്യാവുന്ന ജോലിയല്ല പോലീസിന്റേത് എന്നവര്‍ വാദിച്ചു.
ആ വാദം സമര്‍ഥിക്കാനായി ഉദാഹരണങ്ങളും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ ആദിവാസി ഗോത്രസഭയുടെ നേതൃത്വത്തില്‍ നടത്തിയ കുടില്‍കെട്ടി സമരത്തില്‍ സമരക്കാരില്‍ ഒരു സ്ത്രീ, വനിത പോലീസുകാരിയുടെ സാരി അഴിച്ചെടുത്ത സംഭവം ഉണ്ടായി.
ഈ സംഭവത്തെ തുടര്‍ന്ന് വിനയ സേനയ്ക്കുള്ളില്‍ ഇതിനെതിരെ പോരാട്ടം ആരംഭിച്ചു. വിനയയുടെ ആവശ്യം ചര്‍ച്ചയായി. തുടര്‍ന്ന് അന്നത്തെ ഡിജിപി ആയിരുന്ന കെ.ജി.ജോസഫ് വനിതകള്‍ക്ക് പാൻസും ഷര്‍ട്ടും യൂണിഫോം ആയി ധരിക്കാം എന്ന ഓര്‍ഡര്‍ ഇറക്കി. അത് 2002ലായിരുന്നു.
എന്നാല്‍ വിനയയുടെ പോരാട്ടം അവിടെവച്ച് അവസാനിച്ചില്ല. വനിതകള്‍ ഷര്‍ട്ട് ഇന്‍സൈഡ് ചെയ്യരുതെന്ന പോലീസിലെ നിയമത്തിനെതിരായി അവര്‍ വീണ്ടും സമരം ചെയ്തു. സ്ത്രീകളുടെ ചലന സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന വസ്ത്രധാരണ രീതിക്കെതിരെ അവര്‍ പോരാടി.
അതിലും വിനയ വിജയം കണ്ടു. പക്ഷേ ഈ പോരാട്ടങ്ങള്‍ അവരെ സസ്പെന്‍ഷനിലേക്കും പിന്നീട് ഡിസ്മിസലിലേക്കും എത്തിച്ചു.
ട്രെയിനിംഗ് സമയത്ത് പാന്റ്സ്, ജോലിക്കെത്തുന്പോൾ സാരി
“ട്രെയിനിംഗ് സമയത്ത് വനിതകള്‍ ധരിക്കുന്നത് പാന്റ്സും ഷര്‍ട്ടും തന്നെയാണ്. പിന്നീട് ജോലിക്ക് കയറുമ്പോള്‍ സാരിയുടുക്കണം. എന്നാല്‍ പിന്നെ സാരിയില്‍ തന്നെ ട്രെയിനിംഗ് കൊടുത്തൂടെ എന്നായിരുന്നു എന്റെ ചോദ്യം. ഞാന്‍ യൂണിഫോം പാന്റും ഷര്‍ട്ടും ഇന്‍ ചെയ്തു തന്നെയായിരുന്നു ധരിച്ചിരുന്നത്.
സാരി വിരളമായിട്ടെ ഉടുത്തിട്ടുള്ളൂ. ഡിജിപിയുടെ ഉത്തരവ് അനുസരിച്ചില്ലെന്നു കാണിച്ച് എനിക്ക് മെമ്മോ കിട്ടി. ഞാന്‍ അതിനു മറുപടി കൊടുത്തു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും രണ്ടുതരം യൂണിഫോം പാടില്ലെന്നു തന്നെയാണ് ഞാന്‍ വാദിച്ചത്. അന്ന് എനിക്കു മൂന്നു ഇന്‍ക്രിമെന്റുകള്‍ നഷ്ടമായി.’- സബ് ഇന്‍സ്പെക്ടര്‍ വിനയ പറഞ്ഞു.
സര്‍വീസില്‍നിന്ന് പിരിച്ചുവിടൽ
“ഡിജിപിയുടെ അന്നത്തെ ഉത്തരവില്‍ ബുഷ് ഷര്‍ട്ട് (പ്രത്യേക രീതിയിലുള്ള യൂണിഫോം ഷര്‍ട്ട്) ചെയ്യാമെന്ന് പറയുന്നുണ്ട്. ബുഷ് ഷര്‍ട്ട് ചെയ്ത് ട്രാഫിക്കിലും മറ്റും ജോലി ചെയ്യുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്. പാന്റും ഷര്‍ട്ടും ധരിക്കുന്ന പോലീസ് ഉദ്യോഗസ്ഥയ്ക്ക് ചെറിയ പൊട്ടു തൊടാം മാലയിടാം എന്നൊക്കെ ഉത്തരവില്‍ പറയുന്നുണ്ട്.
പക്ഷേ ഷര്‍ട്ട് ഇന്‍ ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവിലുണ്ട്. ഇതിനെതിരേയാണ് ഞാന്‍ വാദിച്ചത്. സര്‍ക്കുലര്‍ ഭരണ ഘടന വിരുദ്ധമാണെന്നു ഞാന്‍ പറഞ്ഞു. ഡിജിപിയുടെ ഓര്‍ഡര്‍ അനുസരിച്ചില്ലെന്നു പറഞ്ഞ് എനിക്ക് മെമ്മോ തന്നു.കണ്ണൂരിലെ മറ്റൊരു പ്രശ്നവുമായി ബന്ധപ്പെട്ട് എന്നെ സര്‍വീസില്‍നിന്ന് പിരിച്ചു വിട്ടു.
തുടര്‍ന്ന് നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ 2004ല്‍ തിരിച്ചെടുത്തു. തുടര്‍ന്നും യൂണിഫോമിനായുള്ള നിയമ യുദ്ധവുമായി ഞാന്‍ മുന്നോട്ടു പോയി. ആണിനും പെണ്ണിനും വെവ്വേറെ യൂണിഫോം എന്ന ഓര്‍ഡര്‍ ഭരണഘടനാവിരുദ്ധമാണെന്ന് ഞാന്‍ വാദിച്ചു.
ഒടുവില്‍ കോടതി എന്റെ വാദങ്ങള്‍ ശരിവച്ചു. കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. തുടര്‍ന്ന് ഞാന്‍ കണ്ടംപ്റ്റ് ഓഫ് കോര്‍ട്ട് ഫയല്‍ ചെയ്തു. സര്‍ക്കാര്‍ എന്നെ വിളിപ്പിച്ചു. രണ്ടു തരത്തിലുള്ള യൂണിഫോം ധരിക്കുന്നതിലുള്ള ഗുണവും ദോഷവും ഞാന്‍ കാണിച്ചു കൊടുത്തു.
ഒടുവില്‍ എന്റെ വാദങ്ങള്‍ ശരിവച്ചു. അങ്ങനെയാണ് വനിതകള്‍ക്കു ഷര്‍ട്ട് ഇന്‍ ചെയ്തുകൊണ്ടുള്ള യൂണിഫോം ധാരണത്തിന് ഉത്തരവായത്’- തന്റെ പോരാട്ട വഴികളെക്കുറിച്ച് വിനയ പറയുന്നു.
ഓരോരോ ചോദ്യങ്ങളെ…
“ഒരിക്കല്‍ യൂണിഫോം പാന്്സും ഷര്‍ട്ടും ധരിച്ച് ഒരു ഡിവൈഎസ്പിയെ കാണാന്‍ ഞാനും ചില സഹപ്രവര്‍ത്തകരും പോയി. പാന്റ്സും ഷര്ട്ടുംധരിച്ചുവന്നത് കണ്ടിട്ട് അദേഹത്തിന് ഞങ്ങളോട് ദേഷ്യം തോന്നി.
നിങ്ങള്‍ എങ്ങനെയാണൊന്ന് മൂത്രമൊഴിക്കുക എന്ന് അദേഹം ചോദിച്ചു. സാര്‍ എങ്ങനെ കക്കൂസില്‍ പോകുമെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു.’- യൂണിഫോമിന്റെ പേരില്‍ മേലുദ്യോഗസ്ഥരില്‍ നിന്നുണ്ടായ തിക്താനുഭവവും വിനയ മറച്ചുവച്ചില്ല.