ജിജി ലൂക്കോസ്
തിരുവനന്തപുരം: പൂവാലന്മാരെയും ഞരന്പു രോഗികളെയും നേരിടാൻ പെങ്ങന്മാർ ഇനിയും കായിക കേന്ദ്രങ്ങൾ തപ്പി നടക്കണ്ട. പെങ്ങന്മാരെ കേരളാ പോലീസ് അടി തട പഠിപ്പിക്കും.
നല്ല പഞ്ച് ഇടി പരിപാടിയുമായി കേരളാ പോലീസിലെ മാമന്മാർ ഇന്നു മുതൽ നിങ്ങളുടെ മുന്നിലെത്തും. ഓൺലൈൻ ട്യൂട്ടോറിയലുമായി.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ നേരിടാൻ സ്ത്രീകളെ പര്യാപ്തരാക്കുന്നതിനായാണ് കേരളാ പോലീസിന്റെ സോഷ്യൽ മീഡിയ വിഭാഗം വീഡിയോ ട്യൂട്ടോറിയലുകൾ തുടങ്ങുന്നത്.
പ്രത്യേക പരിശീലന രീതിയിൽ തയാറാക്കുന്ന വീഡിയോകൾ ഇന്നു മുതൽ പോലീസ് എല്ലാ സോഷ്യൽ മീഡിയകളിലൂടെയും പ്രചരിപ്പിക്കും. ഇതു സംബന്ധിച്ച കർട്ടൻ റെയ്സർ വീഡിയോ ഇന്നലെ പുറത്തിറക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ ബി.ടി. അരുൺ ആണ് അടി തട പരിശീലന പരിപാടിയുടെ ആശയം.
തിരുവനന്തപുരം വനിതാ സ്വയംപ്രതിരോധ സംഘത്തിലെ അംഗങ്ങളായ ജയമേരി, സുൽഫത്ത്, അനീസ്ഖാൻ, അതുല്യ എന്നിവരാണ് വീഡിയോയിലൂടെ പരിശീലനം നൽകുന്നത്.