ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി അഡീഷണൽ ജഡ്ജി ജസ്റ്റീസ് പുഷ്പ വി. ഗനേഡിവാലയ്ക്കു തിരിച്ചടി.
ഹൈക്കോടതി ജഡ്ജിയായി ഉയർത്തുന്നതിനുള്ള ശിപാർശ സുപ്രിം കോടതി കൊളീജിയം വീണ്ടും തള്ളി.
ബോംബെ ഹൈക്കോടതിയിലെ താൽക്കാലിക ജഡ്ജിയാണ് ജസ്റ്റീസ് പുഷ്പ. ഹൈക്കോടതി ജഡ്ജിയായി സ്ഥിരപ്പെടുത്താനുള്ള ശിപാർശയാണ് തള്ളിയത്.
ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയം യോഗത്തിന്റേതാണ് തീരുമാനം.
ഇതോടെ അഡീഷണൽ ജഡ്ജി കാലാവധി പൂർത്തിയാകുന്ന അടുത്ത ഫെബ്രുവരിയിൽ ജസ്റ്റീസ് പുഷ്പയ്ക്ക് ജില്ലാ ജഡ്ജിയായി മടങ്ങേണ്ടി വരും.
സ്ഥിരം ജഡ്ജിയാക്കാനായി കേന്ദ്ര സര്‍ക്കാരിനയച്ച ശിപാര്‍ശ സുപ്രീം കോടതി കൊളീജിയം കഴിഞ്ഞ വർഷം തിരിച്ച് വിളിച്ചിരുന്നു.
തുടർന്ന് അഡീഷണൽ ജഡ്ജിയായി രണ്ട് വർഷം കൂടി കാലാവധി നീട്ടി നൽകാൻ കൊളീജിയം ശിപാർശ ചെയ്തിരുന്നു.
എന്നാൽ കാലാവധി ഒരു വർഷം മാത്രമേ കേന്ദ്ര സർക്കാർ നീട്ടി നൽകിയിരുന്നുള്ളു. ഈ കാലാവധി അടുത്ത വർഷം ഫെബ്രുവരിയിൽ അവസാനിക്കും.
പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രത്തിനു മുകളിൽ കൂടി സ്പർശിച്ചാൽ ലൈംഗികാതിക്രമമായി വിശേഷിപ്പിക്കാനാവില്ലെന്ന് ജനവുരി 19 ന് പോക്സോ കേസിൽ ജസ്റ്റീസ് പുഷ്പ വിധി പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതി പിന്നീട് റദ്ദാക്കി.
ഇരയുടെ കൈയിൽ പിടിച്ചാലോ പാന്റിന്റെ സിപ് തുറന്നാലോ പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കാണാനാവില്ലെന്ന വിചിത്ര ഉത്തരവും ജസ്റ്റീസ് പുഷ്പയിൽനിന്നും ഉണ്ടായി. അഞ്ച് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലായിരുന്നു വിവാദ ഉത്തരവ്.