റെനീഷ് മാത്യു
കണ്ണൂർ: വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ടു കോഴിക്കോട് നടന്ന റാലിയിൽ ലീഗിലെ ചില നേതാക്കൾ നടത്തിയ പ്രസംഗം ആയുധമാക്കാൻ സിപിഎം. സിപിഎം ജില്ലാ സമ്മേളനങ്ങളിലും പൊതുസമ്മേളനങ്ങളിലും ലീഗിനെതിരേ പ്രചാരണം ശക്തമാക്കാനാണ് സിപിഎം തീരുമാനം.
വഖഫ് നിയമനം പിഎസ്സിക്കു വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരേയാണ് മുസ്ലിം സംഘടനകളെ അണിനിരത്തി കോഴിക്കോട് കടപ്പുറത്ത് മുസ്ലിംലീഗ് റാലി നടത്തിയത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെയും മന്ത്രിമാരെയും രൂക്ഷമായ ഭാഷയിലാണ് കെ.എം. ഷാജിയും അബ്ദുറഹ്മാന് കല്ലായിയും വിമർശിച്ചത്.
കെ.എം.ഷാജി വർഗീയപരമായ പ്രസ്താവന നടത്തിയപ്പോൾ അബ്ദുറഹ്മാന് കല്ലായി വ്യക്തിപരമായ പരാമർശങ്ങളായിരുന്നു നടത്തിയിരുന്നത്.” മുസ്ലിം പെണ്‍കുട്ടികളെ തെരുവില്‍ കൊണ്ടുവന്നു നൃത്തം ചെയ്യിപ്പിച്ചു സമുദായത്തെ വെല്ലുവിളിച്ചു. മതമല്ല പ്രശ്നമെന്നാണ് കമ്യൂണിസ്റ്റുകാര്‍ പറയുന്നത്.
ഞങ്ങള്‍ക്കു മതമാണ് പ്രശ്നം. ഇവരുടെ കൂടെ ചേര്‍ന്നാല്‍ അവര്‍ പതുക്കെ പതുക്കെ ഇസ്ലാമിന്റെ അറ്റത്തുനിന്നു പോകുകയാണ്. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം മുസ്ലീങ്ങളെ ദ്രോഹിക്കുകയാണ്. മാര്‍ക്സിസ്റ്റുകാര്‍ ഇസ്ലാമിന്റെ ശത്രുക്കളാണ്… ഇതായിരുന്നു ഷാജിയുടെ പ്രസംഗത്തിലെ ചില വിവാദമായ വാക്കുകൾ.
മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അബ്ദുറഹ്മാന് അധിക്ഷേപിച്ചത്. ഇതു പറയാനുള്ള ചങ്കൂറ്റം ലീഗുകാര്‍ കാണിക്കണമെന്നും അബ്ദുറഹ്മാന് പറഞ്ഞു. ഇഎംഎസും എകെജിയും ഇല്ലാത്ത സ്വര്‍ഗം ഞങ്ങള്‍ക്ക് വേണ്ടെന്നു പറയുന്നവര്‍ കാഫിറുകളാകുമെന്നും അബ്ദുറഹ്മാന് പറഞ്ഞു.
എന്നാൽ, പ്രസംഗം വിവാദമായതോടെ കല്ലായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഖേദം പ്രകടിപ്പിച്ചിരുന്നു.
ലീഗിനെതിരേ പ്രചാരണം ശക്തമാക്കും
കോഴിക്കോട് വഖഫ് റാലിയുമായി ബന്ധപ്പെട്ടുള്ള ലീഗ് നേതാക്കളുടെ പ്രസംഗത്തിനെതിരേ സിപിഎം ജില്ലാ സമ്മേളന വേദികളിൽ ഉൾപ്പെടെ പ്രചാരണം ശക്തമാക്കി സിപിഎം.
” ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ അട്ടിപ്പേറവകാശം ഞങ്ങൾക്കാണെന്ന് പറഞ്ഞുകൊണ്ട് ലീഗ് വന്നാൽ അതംഗീകരിക്കാൻ ഞങ്ങൾ തയാറല്ലെന്നും സംസ്ഥാനത്ത് വലിയ തോതിലുള്ള വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾ ലീഗ് നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പഴയങ്ങാടി എരിപുരത്ത് വച്ച് നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
എറണാകുളത്തെ ജില്ലാ സമ്മേളനത്തിൽ മുസ്ലിം ലീഗിനെ തീവ്രവാദസംഘടന എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിക്കു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഎം മന്ത്രിമാർ, എംഎൽഎമാർ, ഡിവൈഎഫ്ഐ നേതാക്കൾ എന്നിവരും ലീഗിനെതിരേ വിമർശനം ശക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസിനു മൗനം
സിപിഎം കണ്ണൂർ, എറണാകുളം ജില്ലാ സമ്മേളന വേദികളിൽ മുസ്ലിം ലീഗിനെ മുഖ്യമന്ത്രി പിണറായി വിജയൻ കടന്നാക്രമിച്ചപ്പോഴും കോൺഗ്രസ് മൗനം പാലിക്കുകയാണ്. കോൺഗ്രസ് മൗനം പാലിക്കുന്നതിൽ ലീഗിനും അതൃപ്തിയുണ്ട്. കെ.എം. ഷാജിയുടെയും കല്ലായിയുടെയും പ്രസംഗത്തിനെതിരേ ലീഗിനുള്ളിൽ വിമർശനം രൂക്ഷമായിരിക്കുകയാണ്.