ഏറ്റുമാനൂർ: എത്ര പരിശോധന നടത്തിയാലും ഈ ഹോട്ടലുകാർ പഠിക്കുകയില്ല. പഴകിയ ഭക്ഷണം വിളന്പും. അതു കഴിക്കാനായി എത്തുന്ന ആളുകളെ പറഞ്ഞാൽ മതി.ഏറ്റുമാനൂരിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം ഇന്നലെ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
പരിശോധനയിൽ എട്ടു ഹോട്ടലുകളിൽനിന്നാണു പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്. എംസി റോഡരികിൽ സെൻട്രൽ ജംഗ്ഷൻ മുതൽ പട്ടിത്താനം വരെയായിരുന്നു പരിശോധന.
പഴകിയ അച്ചാറുകൾ, അവിയൽ, തോരൻ ഉൾപ്പെടെയുള്ള കറികൾ, ചോറ്, പൊറോട്ട, ചപ്പാത്തി, ബീഫ്, ചിക്കൻ, മീൻ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
പഴകിയ ഭക്ഷണം ലഭിച്ചവയിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രപരിസരത്തെ ഹോട്ടലുകളും ഉൾപ്പെടുന്നു. ഒരു ഹോട്ടലിൽ നിന്ന് പൂപ്പൽ പിടിച്ച അച്ചാറും പിടിച്ചെടുത്തു. ശബരിമല തീർഥാടകർ ഭക്ഷണം കഴിക്കുന്ന ഹോട്ടലുകളാണ് ഇവ.
അമല, വൃന്ദാവൻ, എമിറേറ്റ്സ്, നാഷണൽ പാർക്ക്, ശ്രുതി, അമ്മവീട്, അബ്ബാ, മാളിക റെസിഡൻസി എന്നീ ഹോട്ടലുകളിൽനിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം പിടിച്ചെടുത്തത്.
ഈ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഇവരിൽനിന്നും പിഴ ഈടാക്കുമെന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ആറ്റ്ലി പി. ജോണ് പറഞ്ഞു.
ശുചിത്വപാലനത്തിൽ നഗരത്തിലെ മിക്ക ഹോട്ടലുകളും വീഴ്ച വരുത്തിയിട്ടുണ്ടെന്നും കണ്ടെത്തി. മാലിന്യ സംസ്കരണത്തിന് പ്രത്യേകം പ്ലാന്റുകൾ വേണമെന്നിരിക്കെ ഭൂരിഭാഗം സ്ഥാപനങ്ങളും ഓടകളിലേക്കാണ് മലിനജലം ഒഴുക്കുന്നത്. ഇവർക്കെതിരെയും നടപടി സ്വീകരിക്കും.