പോത്തൻകോട്: പട്ടാപ്പകൽ ഗുണ്ടാസംഘം സുധീഷ് എന്ന യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയും കാൽ വെട്ടിമാറ്റുകയും ചെയ്ത സംഭവത്തിൽ രണ്ടാം പ്രതിയായ ഒട്ടകം രാജേഷിന്റെ ഒളിത്താവളത്തെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന. ഇന്ന് വൈകിട്ടോടെ ഒട്ടകം രാജേഷ് പിടിയിലാകുമെന്നാണ് സൂചന.
ഒന്നാം പ്രതി മങ്കാട്ടുമൂല എസ് എസ് ഭവനിൽ സുധീഷ് ഉണ്ണി ( മങ്കാട്ടുമൂല ഉണ്ണി ) (29), മൂന്നാം പ്രതി കുടവൂർ ഊരുക്കോണം ലക്ഷംവീട് കോളനിയിൽ മുട്ടായി ശ്യാം (29), എന്നിവരാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യ സഹോദരനാണ് മുട്ടായി ശ്യാം. കഴിഞ്ഞ ദിവസം ഇരുവരെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
കൊലപാതകം നടന്ന കല്ലൂർ പാണൻ വിളയിലെ വീട്ടിലും വെട്ടിയെടുത്ത കാൽ എറിഞ്ഞ കല്ലൂർ ജഗ്ഷനിലും ആയുധങ്ങൾ ഒളിപ്പിച്ച ചിറയിൻകീഴ് ശാസ്തവട്ടത്തെ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ കളിസ്ഥലത്തും കൊണ്ട് പോയി തെളിവെടുപ്പ് നടത്തി.
പോത്തൻകോട് എസ്.എച്ച്.ഒ. കെ.ശ്യാം, എസ്.ഐ.വിനോദ് വിക്രമാദിത്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 11 അംഗ ഗുണ്ടാ സംഘത്തിൽ പത്ത് പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓട്ടോ ഡ്രൈവർ കണിയാപുരം പള്ളിപ്പുറം മണക്കാട്ടുവിളാകം തെക്കെവിള പണയിൽ വീട്ടിൽ രഞ്ജിത്ത് (28), ചിറയിൻകീഴ് ശാസ്തവട്ടം കോളനി സീനാ ഭവനിൽ ബ്ലോക്ക് നമ്പർ 35ൽ നന്ദീശൻ (നന്ദീഷ് -22 ), വെയിലൂർ ശാസ്തവട്ടം സുധീഷ്ഭവനിൽ നിതീഷ് (മാെട്ട -24 ) തോന്നയ്ക്കൽ കുഴിത്തോപ്പ് വീട്ടിൽ ജിഷ്ണു (കട്ട ഉണ്ണി -22), കോരാണി വൈ.എം.എ ജങ്ഷൻ വിഷ്ണുഭവനിൽ സൂരജ് (വിഷ്ണു -23), ചെമ്പൂര് കുളക്കോട് പുത്തൻ വീട്ടിൽ സച്ചിൻ (24), കുടവൂർ കട്ടിയാട് കല്ലുവെട്ടാൻ കുഴി വീട്ടിൽ അരുൺ (ഡമ്മി – 23), പിരപ്പൻകോട് തെെക്കാട് മുളക്കുന്ന് ലക്ഷം വീട്ടിൽ ശ്രീനാഥ് (നന്ദു 21) എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.