കോട്ടയം: കുമരകത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിൽ അതീവ ജാഗ്രത. മൃഗസംരക്ഷണവകുപ്പും ത്രിതല പഞ്ചായത്തും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
കുമരകത്ത് രണ്ടാം വാർഡിലെ ബാങ്ക് പടി പ്രദേശത്തെ രണ്ടിടങ്ങളിലെ താറാവുകളിൽനിന്ന് ശേഖരിച്ച് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച രണ്ടു സാന്പിളുകളുടെ പരിശോധനയിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു സംസ്കരിക്കുന്ന നടപടി ഇന്നു രാവിലെ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകർമ സേന രാവിലെ സ്ഥലത്ത് എത്തി. സ്ക്വാഡുകളായി തിരിഞ്ഞു താറാവുകളെ കൊല്ലുന്ന നടപടികളാണ് സ്വീകരിക്കുന്നത്.
4000 താറാവുകളെ കൊന്ന് സംസ്കരിക്കേണ്ടി വരുമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പിനും പഞ്ചായത്തിനും പോലീസിനും നിർദ്ദേശം നൽകിയി്ട്ടുണ്ട്.
പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത് ഇന്നലെ 5708 താറാവുകളെ കൂടി കൊന്നു സംസ്കരിച്ചു. കുടവെച്ചൂർ അഭിജിത്ത്ഭവനിൽ മദനന്റെയും(3000), ഒറ്റിയാനിച്ചിറ സുരേഷ് കുമാറിന്റെയും(425 എണ്ണം), മൂലശേരി സുനിമോന്റെയും(1500) മിത്രംപള്ളി ബൈജുവിന്റെയും (783) താറാവുകളെയുമാണ് ദ്രുതകർമ സേന കൊന്നു സംസ്കരിച്ചത്. ദ്രുതകർമസേനയുടെ പത്തു സംഘങ്ങളെ വെച്ചൂരിൽ നിയോഗിച്ചിട്ടുണ്ട്. ഇവിടെ പക്ഷികളെ നശിപ്പിക്കൽ ജോലികൾ രാത്രിയിലും തുടരുകയാണ്. ഇന്നു പക്ഷികളെ നശിപ്പിക്കൽ ജോലികൾ പൂർത്തീകരിക്കാനാകുമെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ.
കല്ലറ, അയ്മനം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു സംസ്കരിക്കുന്ന നടപടി പൂർത്തീകരിച്ചിരുന്നു. ഇവിടെ അണുനശീകരണ ജോലികൾ നടന്നു. ബുധനാഴ്ച മൂന്നിടങ്ങളിലായി 11268 താറാവുകളെ കൊന്നു സംസ്കരിച്ചിരുന്നു. ഇതടക്കം ഇന്നലെവരെ മൊത്തം 16,976 താറാവുകളെയാണ് ദ്രുതകർമ്മ സേന കൊന്നു സംസ്കരിച്ചത്.