ചെന്നൈ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. തേനി ദേവദാനപ്പട്ടി സ്വദേശിയായ 48കാരനാണ് അറസ്റ്റിലായത്. ഡിഎൻഎ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഭാര്യയുമായി വേർപിരിഞ്ഞു താമസിക്കുന്ന 48 കാരന് 19 വയസുള്ള മകനും 17 കാരിയായ മകളുമുണ്ട്. ദിണ്ടിക്കലിൽ അമ്മയ്ക്കൊപ്പമായിരുന്നു അവർ താമസം. ഈവർഷം ഫെബ്രുവരിയിലാണ് പെൺകുട്ടി തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ആൺകുഞ്ഞിനെ പ്രസവിച്ചത്.
ബന്ധുവായ 22കാരൻ തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് പെൺകുട്ടി പരാതി നൽകിയത്. ഇതേത്തുടർന്ന് പോക്സോ നിയമപ്രകാരം യുവാവിനെ തേനി ഓൾ വുമൺ പോലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ യുവാവ് നിരപരാധിത്വം തെളിയിക്കാൻ നടത്തിയ ശ്രമത്തിന് പോലീസും സഹായമായി നിന്നു.
ഡിഎൻഎ പരിശോധനയിൽ യുവാവിന്റെ കുഞ്ഞല്ല എന്നു തെളിഞ്ഞതോടെ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ വീണ്ടും അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയെടുത്തപ്പോൾ കഴിഞ്ഞവർഷം ഏതാനും മാസം മകൾ പിതാവിനൊപ്പം താമസിച്ചതായി കണ്ടെത്തി.
തുടർന്ന് പോലീസ് പിതാവിന്റെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധിച്ചു. ഈ പരിശോധനയിലാണ് യഥാർത്ഥ പ്രതിയെ കണ്ടെത്തിയത്. അറസ്റ്റിലായ പിതവാവിനെ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.